Advertisement

ആന്റോ ജോസഫ് സിനിമയിലെ ഭാവിയെപ്പറ്റി ചിന്തിക്കാതെ രാഷ്ട്രീയം പറയുന്നയാൾ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

June 5, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമയിലെ ഭാവി സാധ്യതകളെപ്പറ്റി ചിന്തിക്കാതെ തന്റെ രാഷ്ട്രീയം ഇതാണെന്ന് ഉറക്കെ വിളിച്ചുപറയുന്നയാളാണ് ആന്റോ ജോസഫെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആന്റോ ജോസഫിന് പിറന്നാളാശംസകൾ നേർന്നുകൊണ്ടാണ് ഷാഫി പറമ്പിൽ ആന്റോയുടെ നിലപാടിനെ പുകഴ്ത്തി രം​ഗത്തെത്തിയത്.

സിനിമ പലപ്പോഴും രാഷ്ട്രീയ പ്രചാരണോപാധിയാക്കാറില്ല. തന്റെ രാഷ്ട്രീയം പറയാൻ സിനിമയിലെ ഭാവി സാധ്യതകൾ അയാളെ ആശങ്കപ്പെടുത്താറുമില്ല. സിനിമയോടും രാഷ്ട്രീയത്തോടും സൗഹൃദങ്ങളോടും നീതി പുലർത്തുന്ന പ്രിയപ്പെട്ട ആന്റോ ചേട്ടന് പിറന്നാളാശംസകൾ. – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

കോൺ​ഗ്രസ് അനുകൂല നിലപാടുകളുടെ പേരിൽ ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിലും ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. എം.എൽ.എ ഷാഫി പറമ്പിലിനും ആന്റോ ജോസഫിനും ഒപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

” സിനിമക്കാർ ആയാൽ ഇടതുപക്ഷം ആയിരിക്കണമെന്നും, അല്ലെങ്കിൽ ‘കൂവി തോൽപ്പിക്കും’ എന്നുമുള്ള സാംസ്കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫ്. ഇപ്പോഴും ആ പഴയ കോട്ടയം ജില്ല കെ.എസ്.യു കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവൻ.

ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ പിണറായി സർക്കാർ നില കൊള്ളുമ്പോഴും, നാളെകളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന വേട്ടയാടലുകളിൽ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പി.ടിയുടെ നിലപാടുകൾ ഓർമ്മിപ്പിച്ച്, ഉമ തോമസ് എന്ന പഴയ കാല കെ.എസ്.യു നേതാവിന്റെ നേതൃപാടവത്തിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രാധാന്യമോർമിപ്പിച്ച് ആർജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരൻ. പ്രിയ ആന്റോ ചേട്ടന്റെ ജന്മദിനം കൂടിയാണിന്ന്. ആന്റോ ചേട്ടനും, അദ്ദേഹത്തിന്റെ നിലപാടുകൾക്കും ആശംസകൾ, അഭിവാദ്യങ്ങൾ” . – രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.

Story Highlights: Shafi Parambil’s Facebook post wishing Anto Joseph a happy birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement