പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും, വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ; രാഹുൽ മാങ്കൂട്ടത്തിൽ

കലാകാരന്മാർക്ക് സി.പി.ഐ.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്കാരിക മൗനിബാബമാർ ഭരിക്കുന്ന കേരളത്തിൽ ഉശിരോടെ പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിഷാരടി പ്രചാരണത്തിനിറങ്ങി വിജയിച്ച മണ്ഡലങ്ങളെ സൗകര്യപൂർവ്വം മറന്ന്, അയാൾ കാലെടുത്ത ഇടങ്ങളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ഒരു നരേറ്റീവ് സൃഷ്ടിച്ച് അയാളെ നിശബ്ദനാക്കുവാൻ സിപിഐഎം ഗുണ്ടാപ്പട നടത്തിയ ശ്രമം വലുതായിരുന്നുവെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
”സി.പി.ഐ.എം സൈബർ ഹാൻഡിലുകളോട് ചോദിക്കാനുള്ളത് പുതു വർഷത്തിൽ ഒന്നാം ക്ലാസിൽ ചേർത്ത കുട്ടിയുടെ കരച്ചിലടക്കാനായി സ്കൂൾ വരാന്തയിൽ കാത്തിരിക്കുന്ന രക്ഷിതാവിനെപ്പോലെ ജോ ജോസഫിന് വേണ്ടി തൃക്കാക്കരയിൽ രണ്ടാഴ്ച കാവലിരുന്ന മുഖ്യമന്ത്രിയെ ഈ പരാജയത്തിന്റെ പേരിൽ മാൻഡ്രേക്ക് എന്ന് വിളിക്കാമോ?
ഭരണം മാറിയിട്ടും അക്കാദമിയിലെ കസേര മോഹിച്ച് നിലപാട് മാറ്റാത്ത പിഷാരടിയുടെ രാഷ്ട്രീയത്തെ നിങ്ങൾ നിരന്തരം പരിഹസിച്ചേക്കാം, എന്നാൽ പിഷാരടിയും അദ്ദേഹം ഉയർത്തുന്ന രാഷ്ട്രീയവും ഒരു നാൾ വിജയം വരിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ വിജയം. പ്രതിസന്ധിയിൽ കൂടെ നിന്ന് ഈ തെരഞ്ഞെടുപ്പിലെ താരപ്രചാരകരിലൊരാളായ പിഷാരടിയുടെ കൂടി വിജയമാണ്. പിഷാരടിയുടെ തമാശയ്ക്ക് ചിരിക്കില്ലായെന്ന ‘ചിരിവിലക്ക്’ ഏർപ്പെടുത്തി വേണേൽ ഒന്നു തോല്പിക്കാൻ നോക്ക്…! അഭിവാദ്യങ്ങൾ പിഷു…” – രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: Rahul Mankoottathils Facebook post about Ramesh Pisharody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here