പ്രധാനമന്ത്രിക്കെതിരായ വിശ്വാസ വോട്ടെടുപ്പില്‍ ജയം; ബോറിസ് ജോണ്‍സണ് ആശ്വാസം

ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ( British Prime Minister ) തുടരാം. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ് ജയം. ബോറിസ് ജോണ്‍സണ് ( Boris Johnson ) അനുകൂലമായി 211 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 140 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും വോട്ട് കുറവാണ് ലഭിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു വര്‍ഷം മുന്‍പ് വന്‍ വിജയം നേടിയ പാര്‍ട്ടിയിലെ തന്നെ പകുതിയോളം എംപിമാര്‍ ( Conservative lawmakers ) ജോണ്‍സിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധയമാണ്. 359 അംഗങ്ങളായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ( Conservative Party ) പാര്‍ലമെന്റിലുണ്ടായിരുന്നത് ( Johnson survives no confidence vote ).
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഒന്നാം കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ചട്ടം ലംഘിച്ച് തന്റെ വസതിയില്‍ മദ്യപാര്‍ട്ടി നടത്തിയ വിവരം പുറത്തു വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്.
Read Also: പിഎന്‍ബി അഴിമതിക്കേസ്; വജ്ര വ്യാപാരി ചോക്‌സിയുടെ ഭാര്യക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
മദ്യ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും അതില്‍ ക്ഷമാപണം നടത്തുന്നതായും ബോറിസ് പാര്‍ലമെന്റില്‍ അറിയിച്ചെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും രാജിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. ബോറിസിന്റെ വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രിമാരുടെ വസതിയിലും സമാനമായ മദ്യ സല്‍ക്കാരം നടന്നുവെന്നും ബോറിസ് മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നും അന്വേഷണ സമിതി കണ്ടെത്തി. ഈ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് പുറത്തു വന്നത്. ഇതോടെ രാജി ആവശ്യം ശക്തമാകുകയായിരുന്നു. ബോറിസിന്റെ പാര്‍ട്ടിയില്‍ നിന്ന് രാജി ആവശ്യപ്പെട്ട് കൂടുതല്‍ വിമതര്‍ രംഗത്തെത്തി. ഇതോടെ ബോറിസിന്റെ പിന്തുണ അറിയാന്‍ വോട്ടെടുപ്പ് നടത്താന്‍ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
ബ്രീട്ടണ്‍ സമയം തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 54 അംഗങ്ങള്‍ വോട്ടെടുപ്പിനെ പിന്തുണച്ച് കത്ത് നല്‍കിയതോടെയാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. വോട്ടെടുപ്പില്‍ ബോറിസിന് വിജയം നേടാനായെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയാണ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ‘അവസാനത്തിന്റെ തുടക്കം’ അടയാളപ്പെടുത്തുന്ന നടപടിയാണ് ഇതെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ എല്‍ബിസിയോട് പറഞ്ഞു.
Story Highlights: British Prime Minister Boris Johnson narrowly survives a vote of confidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here