Advertisement

‘വെയിലിലും മഴയിലും വരിനിന്ന് അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ നിര്‍ത്തണം’; നയം വ്യക്തമാക്കി എക്‌സൈസ് മന്ത്രി

June 7, 2022
Google News 3 minutes Read

മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സര്‍ക്കാര്‍ നയമെന്നും മറിച്ച് ലഹരി വര്‍ജ്ജനമാണെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. മദ്യ വില്‍പന ഔട്ട്ലെറ്റുകള്‍ പ്രീമിയമാക്കി മാറ്റാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. മദ്യം വാങ്ങാനെത്തുന്നവര്‍ വെയിലിലും മഴയിലും വരിനിന്ന് സ്വയം അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ കേരളത്തില്‍ എത്രയും വേഗം നിര്‍ത്തലാക്കണം. മദ്യം ഉപയോഗിക്കുന്നവര്‍ക്കു ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. (government policy is not to promote alcohol but discourage use of alcohol)

മദ്യ നിരോധനം കൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ലെന്ന് യോഗത്തില്‍ മന്ത്രി വിശദീകരിച്ചു. കേരളത്തിലെ കള്ള് ഷാപ്പുകളില്‍ നിര്‍മിത കള്ള് വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നത് വകുപ്പിന്റെ പ്രധാന പരിഗണനയാണ്. പാലക്കാട് ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കള്ള് എത്രയാണെന്ന കൃത്യമായ കണക്ക് ഉണ്ടാകുക അതിനു പ്രധാനമാണ്. കണക്ക് ശേഖരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും രണ്ട് ഉദ്യോഗസ്ഥരെയും കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും ചുമതലപ്പെടുത്തണം. ചെത്തുന്ന കള്ളിന്റെ അളവ്, തെങ്ങുകളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കണമെന്നും മന്ത്രി പറഞ്ഞു.

Read Also: ‘മതഭ്രാന്ത് അനുവദിക്കരുത്’; പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഇന്ത്യയോട് താലിബാന്‍

എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിനു സര്‍ക്കാര്‍ പ്രഥമ പരിഗണനയാണു നല്‍കുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരാകുന്ന സാഹചര്യങ്ങള്‍ അതുകൊണ്ടുതന്നെ പൂര്‍ണമായും ഒഴിവാക്കണം. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങളിലേക്കു മാറാന്‍ നടപടി സ്വീകരിക്കണം. ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുറ്റ കൃത്യങ്ങളില്‍ സാങ്കേതിക തെളിവുകള്‍ പരമാവധി ശേഖരിക്കുകയും കോടതികളില്‍ കൃത്യമായി ഹാജരാക്കുകയും ചെയ്യണം. ആധുനിക വത്കരണത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ മയക്കു മരുന്ന് ഡിറ്റക്ടര്‍, നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാനുള്ള ഉപകരണങ്ങള്‍, ക്യാമറകള്‍ എന്നിവ സ്ഥാപിക്കും. പ്രതികള്‍ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.

വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും വകുപ്പിന്റെ ഉത്തരവാദിത്തമാണ്. മേലുദ്യോഗസ്ഥര്‍ ഇത് ഉറപ്പു വരുത്തണം. കീഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഓഫീസ് അധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം വീഴ്ചകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. സേനാംഗങ്ങളുടെ പ്രവര്‍ത്തികള്‍ സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുമെന്നത് ഓര്‍മയില്‍ വച്ചുകൊണ്ടാകണം പ്രവര്‍ത്തനം. അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഴിമതി കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

എക്സൈസ് വകുപ്പിന്റെ സേവനങ്ങള്‍, അപേക്ഷകള്‍, ഫയലുകള്‍, കേസുകള്‍ എന്നിവയില്‍ കാലത്താമസമുണ്ടാകാതെ പരിഹാരമുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നിയമാനുസരണം നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കണം. അനാവശ്യ കാല താമസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

Story Highlights: government policy is not to promote alcohol but discourage use of alcohol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here