Advertisement

കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണ കാലാവധി നീട്ടി, മന്ത്രിസഭായോഗ തീരുമാനങ്ങള്‍

June 8, 2022
Google News 1 minute Read

2020 ജൂലൈ മുതല്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിൽ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് (റിട്ട.) വികെ മോഹനന്‍ അന്വേഷണ കമ്മീഷന്‍റെ കാലാവധി നീട്ടി. ആറ് മാസത്തേക്ക് അന്വേഷണ സമയം ദീര്‍ഘിപ്പിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണ്ണായക തീരുമാനം. അതേസമയം നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതൽ ആരംഭിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തും.

സുരക്ഷയ്ക്കായുള്ള പൊലീസിന്‍റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നല്‍കും. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്മെന്‍റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.

പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്‍റെ വിചാരണയ്ക്കായി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി (പ്രത്യേക കോടതി) സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. ഇതിന് പത്ത് തസ്തികകള്‍
സൃഷ്ടിക്കും.

പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് 5 ലൈന്‍ ഐ എം എഫ് എല്‍ കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് ആന്‍റ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ- ടെര്‍മിനസ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.

വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രെമോഷന്‍ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വി ശിവരാമകൃഷ്ണന് പുനര്‍ നിയമനം നല്‍കും.

കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററില്‍ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും.

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കല്‍ വിംഗിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡാറ്റാ അനലിസ്റ്റ്/ റിസര്‍ച്ച് ഓഫീസറുടെ താല്‍കാലിക തസ്തിക സൃഷ്ടിക്കും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പാര്‍ട്ട് ടൈം (മലയാളം) അധ്യാപക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിന്
അനുമതി നല്‍കി.

ദേശിയ ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശിയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് കേരള കരകൗശല വികസന കോര്‍പ്പറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 15 കോടി രൂപ വീതം 30 കോടി രൂപക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍റെ അംഗീകൃത മൂലധനം 200 കോടി രൂപയില്‍ നിന്ന് 300 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കും.

കരകൗശല വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ലോണ്‍ തുകയായ 15.31 കോടി രൂപയും പലിശ ഇനത്തില്‍ ഉള്ള തുകയായ 13.74 കോടി രൂപയും ഉള്‍പെടെ 29.05 കോടി രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമാക്കിമാറ്റും.

Story Highlights: cabinet decisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here