സ്വപ്‌നയുടെ ആരോപണങ്ങള്‍ പാളി; സര്‍ക്കാര്‍ അന്വേഷിക്കണം നടത്തണമെന്ന് എല്‍ഡിഎഫ്

സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ പാളിപ്പോയി. സ്വപ്‌നയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശബ്ദസന്ദേശം പുറത്തായിട്ടുണ്ട്. പി സി ജോര്‍ജ് മാത്രമല്ല അവരുടെ പിന്നില്‍, പല നിഗൂഢശക്തികളും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
‘സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ. ഇതൊരു മാഫിയ ഭീകര പ്രവര്‍ത്തനമാണ്’. ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സ്വപ്‌ന സുരേഷ്. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തില്‍ അടിസ്ഥാനമില്ലെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു. രഹസ്യ മൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജണ്ടയില്ല. തന്റെ വെളിപ്പെടുത്തലുകള്‍ പ്രതിഛായ സൃഷ്ടിക്കാനല്ല. താന്‍ ഇപ്പോഴും ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സരിത എസ് നായര്‍ തന്നെ സഹായിക്കാനാണെന്ന് പറഞ്ഞ പലതവണ വിളിച്ചിരുന്നു. തനിക്കിനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബാംങ്ങള്‍ക്കും പങ്കുണ്ടെന്ന തുറന്നു പറച്ചിലിലൂടെ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കൂടിയാണ് സ്വപ്ന സുരേഷ് തിരികൊളുത്തിയിരിക്കുന്നത്. സര്‍ക്കാരിനു നേരെ സ്വപ്നയും കൂട്ടുപ്രതികളും നേരത്തെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തല്‍ ഇതാദ്യമാണ്. തൃക്കാക്കരയിലെ പരാജയത്തില്‍ ക്ഷീണിച്ച സിപിഎമ്മിനും സര്‍ക്കാരിനുമേറ്റ മറ്റൊരു തിരിച്ചടികൂടിയാണ് വെളിപ്പെടുത്തല്‍. ആരോപണം നിഷേധിക്കുമ്പോഴും വിവാദങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും വിയര്‍പ്പൊഴുക്കേണ്ടി വരും.
Read Also: രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജണ്ടയില്ല; ആരോപണങ്ങളില്‍ ഉറച്ച് സ്വപ്‌ന സുരേഷ്
സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വിശ്വാസത്തിലെടുക്കേണ്ടെന്നാണ് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിലും വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തെ അതിജീവിച്ചാണ് പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതെന്നും പാര്‍ട്ടി നേതാക്കള്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം ഗൗരവതരമെന്നാണ് പ്രതിപക്ഷ നിലപാട്. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ, വിഷയം പ്രതിപക്ഷം കൂടുതല്‍ സജീവമാക്കും.
Story Highlights: ep jayarajan reacts swapna suresh allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here