“അതുല്യയെ പോലുള്ളവരെ നമ്മൾ ചേർത്ത് നിർത്തണം”; ജീവിതാവസ്ഥകളോട് പടവെട്ടി നേട്ടങ്ങൾ കൊയ്തൊരു പെൺകുട്ടി…

നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് കായിക താരങ്ങൾ ജന്മനാടിനായി നേട്ടങ്ങൾ കൊയ്യുന്നത്. എന്നാൽ അവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും കായിക വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. അത്തരത്തിൽ പരിശീലനത്തിന് പോലും മതിയായ സൗകര്യങ്ങൾ ഇല്ലാതെ ജീവിതാവസ്ഥകളോട് പടവെട്ടി നേട്ടങ്ങൾ കൊയ്ത ഒരു പെൺകുട്ടിയുടെ ജീവിതത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
പ്രതിസന്ധികൾക്ക് നടുവിലൂടെയാണ് കാലടി സ്വദേശിനി അതുല്യ അമ്പെയ്തതിന്റെ ലോകത്ത് അഭിമാന നേട്ടങ്ങൾ സ്വന്തമാക്കിയത്. ജീവിത പ്രാരാബ്‌ധങ്ങൾ മനസിനെ അലട്ടുമ്പോഴും ഉന്നം തെറ്റാതെ ലക്ഷ്യത്തിലേക്ക് അവൾ അമ്പെയ്തു. ദേശീയ ഇന്റർ കോളേജ് മീറ്റിൽ മൂന്ന് പ്രാവശ്യം സ്വർണ മെഡൽ നേടി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കി. ഒളിമ്പിക്സ് സ്വപ്നവുമായി ബോ ജീവിതത്തോട് ചേർത്തുവെച്ച ഈ ഇരുപത്തിമൂന്നുകാരി താണ്ടിയ ദൂരമത്രയും ദുരിതങ്ങളുടേതായിരുന്നു.
അച്ഛന് വയ്യാതായതോടെ ജോലിക്ക് പോകാൻ പറ്റാതെയായി. ഇപ്പോൾ ജിമ്മിൽ ട്രെയിനർ ആയി ജോലി ചെയ്യുന്നുണ്ട്. പത്ത് മണി തൊട്ട് നാല് മണി വരെയാണ് സമയം. ജിമ്മിൽ ജോലി കഴിഞ്ഞിട്ട് നാലര മുതൽ ആറര വരെ ഇവിടെ വന്ന് പരിശീലനം നടത്തുകയാണ്. ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങൾ പോലും തലസ്ഥാനത്തുണ്ടായിട്ടും പരിശീലിക്കാൻ ഒരു ഇടം നൽകാൻ സ്പോർട്സ് കൗൺസിലോ കായിക വകുപ്പോ തയ്യാറായില്ല.
കൃത്യമായ പരിശീലനം ലഭിക്കാത്തത് പലപ്പോഴും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. മിക്കവരും ഇപ്പോൾ വലിയ ഗ്രൗണ്ട് എടുത്താണ് പരിശീലിക്കുന്നത്. എന്നാൽ ആ സൗകര്യം ലഭിക്കാത്തത് കൊണ്ടാണ് ഈ ചെറിയ ഗ്രൗണ്ടിൽ നിന്ന് പരിശീലിക്കേണ്ടി വന്നത്. നല്ലൊരു ഗ്രൗണ്ട് വേണം. അതിന് ആവശ്യമായ എക്വിപ്മെൻറ്സ് വേണം. കൃത്യമായി നിർദ്ദേശം നൽകാൻ ആളുമുണ്ടെങ്കിൽ നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നും എല്ലാ സ്വപ്നങ്ങളും നേടാൻ കഴിയുമെന്നും അതുല്യ പറയുന്നു.
അച്ഛന്റെ ചായക്കടയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോരുന്നത്. നിലവാരമുള്ള പരിശീലന ഉപകരണം വാങ്ങാൻ രണ്ടുലക്ഷത്തോളം രൂപ ആവശ്യമായി വരും. വീട്ടിൽ നിന്ന് എല്ലാവിധ പ്രോത്സാഹനവും നൽകാറുണ്ട്. പക്ഷെ നിലവിലെ സാഹചര്യം വെച്ച് സാമ്പത്തികമായി ഒന്നും ചെയ്തു തരാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ ഉള്ള സാധനങ്ങൾ തന്നെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് വാങ്ങി തന്നതാണ്. മൂന്ന് വർഷമായി ഞാൻ ഈ ബോ ആണ് ഉപയോഗിക്കുന്നത്. ആ ഒരു അടുപ്പം എനിക്ക് ഇതിനോട് ഉണ്ട്. ആർക്കും ഞാൻ ഈ ബോ ഇതുവരെ കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല. അതുല്യ കൂട്ടിച്ചേർത്തു.
ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഒരു മെഡൽ നേടുക എന്നതാണ് ഓരോ കായിക താരങ്ങളുടെയും സ്വപ്നം. ആ സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ അവർക്ക് നമ്മുടെ സഹായം വേണം. പിന്തുണ വേണം. എല്ലാറ്റിനും ഉപരി അതുല്യയെ പോലുള്ളവരെ നമ്മൾ ചേർത്ത് നിർത്തണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here