ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇനി യുപിഐ വഴി പണമിടപാട് നടത്താം. ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. റുപേ കാർഡ് ഉപയോഗിച്ചാണ് ഇത് ആരംഭിക്കുന്നത്. നിലവിൽ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകൾ മാത്രമേ യുപിഐയുമായി ബന്ധിപ്പിക്കാൻ കഴിയൂ.
പുതിയ നയം അനുസരിച്ച് യുപിഐ ഉപയോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകളുടെ സഹായത്തോടെ പണമടയ്ക്കാൻ കഴിയും. ഇതിതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്ന് ആർബിഐ വിലയിരുത്തുന്നു. വൈകാതെ വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതിന് പുറമെ എൻപിസിഐക്ക് പ്രത്യേക നിർദേശങ്ങളും നൽകും.
എല്ലാ കടകളിലും ഇപ്പോൾ യുപിഐ പേയ്‌മെന്റിനായി ക്യുആർ കോഡിന്റെ സൗകര്യമുണ്ട്. ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ ഉപയോക്താക്കൾക്ക് ഏകദേശം 50 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കും. പുറമെ റിവാർഡ് പോയിന്റുകളും പ്രത്യേകം ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് യുപിഐയുടെ സഹായത്തോടെയാണ് ചെയ്യുന്നതെങ്കിൽ, ക്രെഡിറ്റ് കാർഡ് കമ്പനി ആരിൽ നിന്ന് എംഡിആർ ഈടാക്കും എന്നത് വലിയ ചോദ്യമാണ്.
ഓരോ ഇടപാടിനും കച്ചവടക്കാരന്‍ നല്‍കുന്ന തുകയുടെ നിശ്ചിത ശതമാനംവീതം ബാങ്കുകള്‍ക്കും പണമിടപാട് സേവന ദാതാക്കള്‍ക്കും വിഭജിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതേസമയം രാജ്യത്തെ പേയ്‌മെന്റുകൾക്കുള്ള ഏറ്റവും വിശ്വസനീയമായ പ്ലാറ്റ്‌ഫോമാണ് യുപിഐയെന്ന് ഗവർണർ ദാസ് പറഞ്ഞു. മെയ് മാസത്തിൽ 10.40 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐയുടെ സഹായത്തോടെ നടന്നത്.
Story Highlights: RBI allows Rupay Credit Card linking with UPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here