ക്ലാസിൽ ഉറങ്ങുന്ന അധ്യാപികയ്ക്ക് വീശിക്കൊടുത്ത് വിദ്യാർഥിനി; പ്രതിഷേധത്തിനിടയാക്കി സംഭവം…

കുട്ടികൾ ക്ലാസിൽ ഉറങ്ങുന്നത് സർവസാധാരണയായി കാഴ്ചയാണ്. തമാശയ്ക്കായെങ്കിലും കുഞ്ഞ് കുഞ്ഞ് ശിക്ഷകളും അധ്യാപികർ ഇതിനായി നൽകാറുണ്ട്. എന്നാൽ ക്ലാസ് മുറിയിലിരുന്ന് പഠിപ്പിക്കുന്ന അദ്ധ്യാപിക ഉറങ്ങിയാലോ? അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. പ്രതിഷേധത്തിന് കാരണം അദ്ധ്യാപിക ഉറങ്ങിയത് മാത്രമല്ല. പകരം ഉറങ്ങുന്ന അധ്യാപികയ്ക്ക് ഒരു വിദ്യാർത്ഥിനി വിശറി കൊണ്ട് വീശി കൊടുക്കുന്നുണ്ട്. അതാണ് വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിവെച്ചത്.
കസേരയിൽ ചാരിക്കിടന്ന് ഉറങ്ങുന്ന അധ്യാപികയ്ക്ക് അരികിൽ യൂണിഫോം ധരിച്ച ഒരു കൊച്ചു പെൺകുട്ടി നിന്ന് വീശി കൊടുക്കുന്നതും വീഡിയോയിൽ കാണാം. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബഗാഹി പുറൈന ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. വിഡിയോ ഉടൻ വൈറലാകുകയും നിരവധി പേർ അധ്യാപികയ്ക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബബിത കുമാരി എന്ന അധ്യാപികയാണ് വീഡിയോയിൽ ഉള്ളതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
അദ്ധ്യാപിക ക്ലാസ്സിൽ ഗാഢമായി ഉറങ്ങുമ്പോൾ തറയിൽ അലസമായി ഇരിക്കുന്ന വിദ്യാർത്ഥികളെയും വീഡിയോയിൽ കാണാം. തനിക്ക് സുഖമില്ലായിരുന്നെന്നും അതിനാൽ കസേരയിൽ വിശ്രമിക്കുകയാണെന്നും അദ്ധ്യാപിക വിശദീകരണം നൽകി എന്നാണ് റിപ്പോർട്ടുകൾ. അധ്യാപികയ്ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. എങ്കിലും സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോയ്ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here