Advertisement

ആണിന്റെ ക്ഷോഭവും ‘തെറ്റ് പറ്റിയ പെണ്ണിന്റെ നില്‍പ്പും’; ചോറിലെ മുടി ആണധികാരത്തിന്റെ താക്കോല്‍

June 9, 2022
Google News 3 minutes Read
satheesh kumar post about hair in food for gr anil

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി എത്തിയ ഭക്ഷ്യമന്ത്രിക്ക് കൊടുത്ത ചോറിലെ മുടി ‘ഒരു വലിയ സംഭവമായിരുന്നു’. കാലങ്ങളായി ചോറിലെ മുടി വീട്ടകങ്ങളിലെ വഴക്കുകളിലെ അടിസ്ഥാന ഘടകമായി മാറിയിട്ടുണ്ട്. മുടി കിട്ടുന്ന പാടെ പാചകം ചെയ്ത സ്ത്രീയെ, കണ്ണുരുട്ടി പേടിപ്പിക്കുന്നത് മുതല്‍, പാത്രം വലിച്ചെറിഞ്ഞ് അന്നം മുടക്കി ചുരുണ്ടുകിടന്നുറങ്ങുന്നവരും മുടി ഒരു ആഗോള പ്രശ്‌നമായി മാറുകയും ചെയ്യുന്ന വഴക്കിലേക്ക് അതെത്തിക്കുന്നവരും ഒരേ തട്ടിലെ അളവുപാത്രങ്ങളാണ്.(satheesh kumar post about hair in food for gr anil)

ഭക്ഷ്യമന്ത്രിക്ക് കിട്ടിയ മുടി ഒരു വലിയ അപരാധമായി കണ്ട് വിമര്‍ശിക്കുന്നവരും മുടിയല്ലേ കാര്യമാക്കണ്ട എന്ന മട്ടില്‍ അഭിപ്രായം പറയുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. മുടി ഒരപരാധമായി കാണുന്നത് പാട്രിയാര്‍ക്കി സമൂഹത്തിന്റെ കണ്ണിലൂടെയാണെന്ന കാഴ്ചപ്പാട് വ്യക്തമാക്കിയ ഡോ. സതീഷ് കുമാറിന്റെ വാക്കുകളാണ് ഇവിടെ ശ്രദ്ധേയം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സതീഷ് കുമാറിന്റെ പ്രതികരണം.

പോസ്റ്റ് വായിക്കാം;

‘ഭക്ഷണത്തില്‍ മുടി എന്നത് അക്ഷന്തവ്യമായ ഒരു അപരാധമാകുന്നത് പാചകം എന്നാല്‍ സ്ത്രീയുടെ ജോലിയാണ് എന്ന പാട്രിയാര്‍ക്കല്‍ മനോഭാവത്തില്‍ നിന്നാണ്. ഭക്ഷണത്തില്‍ അന്യമായ മറ്റ് എന്ത് കലരുന്നതിനേക്കാളും അനേകമായ സാധ്യതകള്‍ ഉള്ള ഒന്നാണ് തലമുടിയുടേത്. സ്റ്റാര്‍ ഹോട്ടലുകളിലേത് പോലുള്ള കണിശ പ്രോട്ടോക്കോളുകള്‍ സാധ്യമല്ലാത്ത ഗാര്‍ഹിക ചുറ്റുപാടുകളില്‍ പണിയെടുക്കുന്ന വീട്ടമ്മമാര്‍ എത്ര ശ്രദ്ധിച്ചാലും ഇടക്ക് സംഭവിച്ചേക്കാവുന്ന ഒരു ചെറിയ അബദ്ധമാണത്.

പാചകത്തിന് മുന്‍പോ പാചകത്തിന് ഇടയിലോ പാചക ശേഷമോ, വിളമ്പിയതിനും ഉണ്ണുന്നതിനും ഇടക്കു പോലുമോ സംഭവിച്ചേക്കാവുന്ന ഒന്ന്. എന്റെ ചെറുപ്പകാലത്ത് ഗാര്‍ഹികപരിസരങ്ങളില്‍ വലിയ സംഘര്‍ഷമുണ്ടാവുന്ന ഒരു സാഹചര്യമായിരുന്നു ഭക്ഷണത്തിലെ മുടി. അച്ഛന്‍ സ്ഥലത്തില്ലായിരുന്ന ബാല്യമായതുകൊണ്ടാവണം സ്വന്തം വീട്ടില്‍ എന്നതിനേക്കാള്‍ മൂത്ത അമ്മാവന്റെ വീട്ടിലായിരുന്നു ഈ പറഞ്ഞ ആണധികാരത്തിന്റെ വെളിച്ചപ്പാടുറയല്‍ ഞാന്‍ കണ്ടിട്ടുള്ളത്.

അധികാരം എന്നല്ല. ആണഹങ്കാരം എന്നാണ് പറയേണ്ടത് ഭക്ഷണം പാത്രത്തോടെ വലിച്ചെറിയുക എന്നത് അരിശനാടകത്തിലെ ഒന്നാം രംഗമായിരുന്നല്ലോ അന്നൊക്കെ. ആണിന്റെ ക്ഷോഭത്തേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അപരാധം ചെയ്തുപോയി എന്ന മട്ടിലുള്ള പെണ്ണിന്റെ നില്‍പാണ്. ‘തെറ്റ് പറ്റിപ്പോയി എന്നില്‍ ദയവുണ്ടാവണം’ എന്ന മട്ടിലുള്ള ഒരു ശരീര നിലയാണ് അത്. ഭക്ഷണത്തില്‍ മുടി പെട്ടുകൂടാ എന്ന അറിവ് അടുത്ത തലമുറയിലെ പെണ്‍കുട്ടികളിലേക്ക് പകരുവാന്‍ പര്യാപ്തമായ ഒന്ന്, ഒരു ഭാഷയും ആവശ്യമില്ലാത്ത ഒരു കമ്മ്യൂണിക്കേഷന്‍.

കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ചോറിലെ തലമുടി എന്നത്. തീന്‍ മേശയിലെ ഭൂകമ്പമല്ലാതായിട്ട് കാലം കുറേ ആയിട്ടുണ്ടാവണം. അവളുണ്ടാക്കുന്ന ഭക്ഷണത്തില്‍ വല്ലപ്പോഴും അവളറിയാതെ പെട്ട് പോകുന്ന ഒരു മുടി അത്രയേറെ അഴുക്കുള്ളതല്ല എന്ന് മാത്രമല്ല പാചകമെന്നത് അവള്‍ മാത്രം ചെയ്യേണ്ട ഒന്നല്ല എന്നും ബോധ്യപെട്ട് തുടങ്ങിയിട്ടുണ്ട് നവകാല പുരുഷന്മാര്‍ക്ക്. ഒന്നോര്‍ത്താല്‍ ഭക്ഷണത്തിലെ കാണാത്ത അഴുക്കുകളേക്കാള്‍ എത്രയോ മാന്യനാണ് കാണാന്‍ കഴിയുന്നമുടി,വിളമ്പും മുന്‍പ് ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ നൈസായി എടുത്തു മാറ്റുമായിരുന്നു എന്നതുപോലെ കഴിക്കുമ്പോള്‍ ശ്രദ്ധയില്‍ പെട്ടാലും അതിനെ ആ വിധം എടുത്തുമാറ്റാവുന്നതേ ഉള്ളൂ..

Read Also: ഭക്ഷ്യമന്ത്രിക്ക് നൽകിയ ചോറിൽ തലമുടി

അവളുടെ മുടി കൊഴിയുന്നുണ്ടെന്നും അതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നും ഒരു സ്‌നേഹം കൂടിയാക്കി മാറ്റാവുന്ന ഒന്നാണ് സത്യത്തില്‍ ആ സന്ദര്‍ഭം. ചിത്രത്തില്‍ കാണുന്ന ഇന്നത്തെ വാര്‍ത്തയാണ് അല്ലെങ്കില്‍ എഴുതാന്‍ മാത്രം പ്രാധാന്യമില്ലാത്ത ഈ വിഷയത്തെകുറിച്ച് എന്നെക്കൊണ്ട് എഴുതിക്കുന്നത്.
ഭക്ഷണത്തില്‍ മുടി എന്നതില്‍ ഒരു വലിയ വാര്‍ത്തയുണ്ട് എന്ന് ലേഖകന് തോന്നിപ്പിക്കുന്നത് ഞാന്‍ നേരത്തേ പറഞ്ഞ സാമൂഹ്യ പാഠം പഠിച്ചു വെച്ചിരിക്കുന്നു എന്നത് കൊണ്ടാണ്. അല്‍പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്നത് നേരു തന്നെയാണ്. പക്ഷേ അത് ക്ഷമിക്കാന്‍ പറ്റാത്ത തരം ഒരു തെറ്റൊന്നുമല്ല എന്ന് മാത്രം.

ഞാനല്ല ഞാനല്ല എന്ന് മുടിയുള്ളവരൊക്കെയും അപരനിലേക്ക് വിരല്‍ ചൂണ്ടി പരിഭ്രമിക്കാന്‍ തക്ക ഒന്നുമില്ല അതില്‍. അത്രയേ ഉള്ളൂ.. (വീട്ടില്‍ നിലവിലുള്ള നിയമമനുസരിച്ച് എല്ലാ അലങ്കോലങ്ങളുടേയും ഉത്തരവാദി ഞാനാണ്. അടുക്ക് തെറ്റിക്കുന്നതും അഴുക്കാക്കുന്നതും ഞാന്‍ എന്നാണ് ഡിഫാള്‍ട്ട് ആയി സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. എന്റെ നിരപരാധിത്തം തെളിയിക്കാന്‍ സത്യപ്രസ്താവനകളോ സാക്ഷികളോ ആവശ്യമില്ലാത്തത് മുടിയുടെ കാര്യത്തില്‍ മാത്രമാണ്. ചില നേരങ്ങളില്‍ മൊട്ടത്തലയെന്നാല്‍ ചില്ലറ അനുഗ്രഹമല്ല..)

Story Highlights: satheesh kumar post about hair in food for gr anil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here