മുഖ്യമന്ത്രിയുടെ പടം വച്ച് ലുക്ക്ഔട്ട് നോട്ടീസ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് മുസ്ലിം യൂത്ത് ലീഗ്. നാളെ 11 മണിക്ക് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പതിക്കുമെന്ന് പി.കെ.ഫിറോസ് വ്യക്തമാക്കി ( Lookout notice with CM picture ).
അതേസമയം, സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. സ്വർണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
‘സ്വർണക്കടത്ത് വിവാദം ആദ്യം ഉയർന്ന് വന്നത് 2020 ജൂൺ 5 നാണ്. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വർണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണ്’- കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Story Highlights: Lookout notice with CM’s picture; Youth League in protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here