മധു വധക്കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം; സർക്കാരിനെ സമീപിക്കണമെന്ന് കോടതി

ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിചാരണക്കോടതിയെ സമീപിച്ചു. പ്രോസിക്യൂട്ടറെ മാറ്റാനായി സർക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന് കോടതി മധുവിന്റെ കുടുംബത്തെ അറിയിച്ചു. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്ന സാഹചര്യത്തിൽ വിചാരണാ നടപടികൾ നിർത്തി വയ്ക്കണമെന്ന കാര്യവും മധുവിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെടും.
കോടതിയിൽ ഹാജരാക്കിയ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണിക്കൃഷ്ണൻ, മധുവിന്റെ ബന്ധുവായ 11ആം സാക്ഷി ചന്ദ്രൻ എന്നിവരാണ് കൂറുമാറിയത്. സാക്ഷികളെ പ്രതികൾ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. പണം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുകയാണെന്ന് മധുവിന്റെ അമ്മ ആരോപിക്കുന്നു. കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധുവിന്റെ സഹാദരി വ്യക്തമാക്കി.
പ്രതികള്‍ മധുവിനെ ദേഹോപദ്രവമേല്‍പ്പിക്കുന്നത് കണ്ടുവെന്ന് മുമ്പ് പൊലീസിന് കൊടുത്ത മൊഴിയാണ് പത്താംസാക്ഷി ഉണ്ണിക്കൃഷ്ണന്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. തന്നെ പ്രതിയാക്കുമോ എന്ന ഭയത്തിലാണ് ആദ്യം മൊഴികൊടുത്തതെന്നാണ് ഉണ്ണിക്കൃഷ്ണന്റെ വാദം. ആള്‍ക്കൂട്ടം മധുവിനെ മുക്കാലിയില്‍ എത്തിച്ചതിനും പൊലീസെത്തി ജീപ്പില്‍ കൊണ്ടുപോയതിനും ദൃക്സാക്ഷിയാണ് ഉണ്ണിക്കൃഷ്ണന്‍.
സംഭവദിവസം മൂന്നുമണിയോടെയാണ് മധുവിനെ മുക്കാലിയില്‍ എത്തിച്ചത്. ഈസമയത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍ സാക്ഷിയെ വിസ്തരിച്ചത്. ദൃശ്യങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. എന്നാല്‍, ഈ പ്രതികള്‍ മധുവിനെ ഉപദ്രവിച്ചതു കണ്ടിട്ടില്ലെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.
Story Highlights: Madhu murder case; family approached trial court seeking the removal of the prosecutor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here