Advertisement

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

June 10, 2022
Google News 1 minute Read

നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. അതേസമയം കുതിരക്കച്ചവട ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

57 രാജ്യസഭ സീറ്റുകളിൽ ഉത്തർപ്രദേശ്, തമിഴ്‌നാട്, ബീഹാർ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 41 സ്ഥാനാർത്ഥികൾ കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് രാജ്യസഭ സീറ്റുളള രാജസ്ഥാനിൽ അഞ്ച് സ്ഥാനാർത്ഥിളാണ് മത്സര രം​ഗത്തുളളത്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാമെന്നാണ് വിലയിരുത്തൽ.

41 വോട്ടാണ് ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും വേണ്ടത്. കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാൻ 15 വോട്ട് അധികം വേണമെന്നിരിക്കെ, സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണച്ച ബിജെപിക്ക് 11 വോട്ട് കൂടി വേണം ജയിക്കാൻ. രാജസ്ഥാനിൽ ചെറിയ പാർട്ടികളുടേയും സ്വതന്ത്ര്യരുടേയും നിലപാട് നിർണായകമാകും.

കര്‍ണ്ണാടകയിൽ നാല് സീറ്റുകളിലേക്കായി ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രം​ഗത്തുളളത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കുമെന്നാണ് വിലയിരുത്തൽ. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്.

ഹരിയാനയിൽ രണ്ട് രാജ്യസഭ സീറ്റാണുള്ളത്. 90 അംഗ നിയമസഭയില്‍ 40 സീറ്റുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ജയിക്കാന്‍ 31 വോട്ടാണ് വേണ്ടതെന്നിരിക്കേ കോണ്‍ഗ്രസിനുള്ളത് കൃത്യം 31 സീറ്റ്. അജയ് മാക്കന്‍റെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് നില്‍ക്കുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ ന്യൂസ് എക്സ് മേധാവി കാര്‍ത്തികേയ ശര്‍മ്മയെ സ്വന്ത്രനായി ഇറക്കി ബിജെപി മത്സരം കടുപ്പിക്കുന്നു.

മഹാരാഷ്ട്രയിൽ ആറ് സീറ്റിലേക്ക് ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 42 വോട്ടാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളടുങ്ങുന്ന മഹാവികാസ് അഘാഡിക്ക് 152 സീറ്റുകളാണുള്ളത്. ബിജെപിക്ക് 106 സീറ്റുകളുണ്ട്. അതേസമയം തെരഞ്ഞെടുപ്പിൽ കുതിരക്കച്ചവടത്തിന് സാധ്യതയുളളതിനാൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Story Highlights: Rajya Sabha Election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here