Advertisement

മിസ് മാർവലിലെ മലയാളി സാന്നിധ്യം; ആരാണ് ആരാധകർ തിരയുന്ന മിസ് മാര്‍വലിന്റെ മലയാളി സംവിധായക?

June 11, 2022
Google News 0 minutes Read

ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മിസ് മാർവൽ. ഏറെ പ്രത്യേകതകളോടെ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചതും. പ്രേക്ഷകർക്ക് കാത്തിരിക്കാൻ കാരണങ്ങൾ ഏറെ നൽകിയാണ് ചിത്രം എത്തിയത്. മാര്‍വലിന്റെ ആദ്യ മുസ്‌ലിം സൂപ്പര്‍ ഹീറോയാണ് മിസ് മാര്‍വല്‍ എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജൂണ്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മിസ് മാർവെലിന്റെ പ്രത്യേകതകൾ ഇവിടെ കൊണ്ടൊന്നും തീരുന്നില്ല എന്നതാണ് പുറത്തുവരുന്ന വാർത്തകൾ.

മിസ് മാര്‍വലിന്റെ അടുത്ത രണ്ട് എപ്പിസോഡുകള്‍ ഇനി സംവിധാനം ചെയ്യുന്നത് മലയാളിയായ മീര മേനോനാണ് എന്നറിഞ്ഞതോടെ ആരാണ് മലയാളിയായ ഈ സംവിധായക എന്നറിയാനുള്ള ആകാംഷയിലാണ് ആളുകൾ. മിസ് മാര്‍വലിന്റെ ആദ്യ എപ്പിസോഡിന് പിന്നിലും മീരയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അദില്‍ എല്‍ അര്‍ബി, ബിലാല്‍ ഫല്ല എന്നിവര്‍ക്കൊപ്പം മീര മേനോനും ചേര്‍ന്നാണ് മിസ് മാര്‍വല്‍ സംവിധാനം ചെയ്തത്.

പാലക്കാട് സ്വദേശിയാണ് മീര. ഇപ്പോൾ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലാണ് മീര താമസമാക്കിയിരിക്കുന്നത്. അച്ഛനിൽ നിന്നാണ് സിനിമയിലേക്കുള്ള മീരയുടെ പ്രചോദനം. അച്ഛൻ വിജയ് മേനോൻ നിർമാതാവാണ്. ഫറ ഗോസ് ബാങ് എന്ന സിനിമയാണ് മീര ആദ്യം സംവിധാനം ചെയ്‌ത ചിത്രം. നെറ്റ്ഫ്ലിക്സ് സീരീസുകളും മീര സംവിധാനം ചെയ്തിട്ടുണ്ട്. പണിഷർ, ഔട്ട്‌ലാന്‍ഡര്‍, വാക്കിങ് ഡെഡ് ഉള്‍പ്പെടെയുള്ള വിവിധ സീരിസുകളുടെ ചില എപ്പിസോഡുകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് മീര.

മികച്ച പ്രതികരണമാണ് മിസ് മാര്‍വലിന് ലഭിക്കുന്നത്. ന്യൂജേഴ്സിയില്‍ നിന്നുള്ള 16 വയസ്സുകാരിയായ കമല ഖാന്റെ കഥയാണ് സീരിസിലൂടെ പറയുന്നത്. പാകിസ്ഥാന്‍ വംശജയായ അമേരിക്കന്‍ പെണ്‍കുട്ടിയാണ് കമല ഖാന്‍. സ്‌കൂളിലും വീട്ടിലും ഒറ്റപ്പെടുന്ന പെണ്‍കുട്ടിയായ കമലക്ക് അമാനുഷിക ശക്തികള്‍ ലഭിക്കുന്നതിലൂടെ എല്ലാം മാറിമറിയുന്നു. ആറ് എപ്പിസോഡുകളായാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ക്യാപ്റ്റന്‍ മാര്‍വലിന്റെ തുടര്‍ച്ചയായ ദി മാര്‍വല്‍സിലും കമല ഉണ്ടായിരിക്കും എന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ച് കഴിഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here