എന്താണ് ആശങ്കയായ പരിസ്ഥിലോല മേഖല വിധി; നിയന്ത്രണങ്ങൾ എന്തൊക്കെ?.. [ 24 Explainer ]

സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുളള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി നിലനിർത്തണമെന്ന സുപ്രിം കോടതി ഉത്തരവ് കേരളത്തിലെ മലയോര മേഖലയെ ആശങ്കയിലാക്കുന്നതാണ്. ഇടുക്കി, വയനാട് ജില്ലകളിലെ 3ലക്ഷത്തിൽ അധികം ആളുകൾ ഇതോടെ പ്രതിസന്ധിയിലാകുമെന്നാണ് കണക്കുകൂട്ടൽ. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ കാലത്തേതിന് സമാനമായ ആശങ്ക മലയോര ജനതയ്ക്കുണ്ട്. ഉത്തരവ് നടപ്പാക്കേണ്ടി വന്നാൽ കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് സർക്കാർ പറയുമ്പോഴും ആശങ്കയൊഴിഞ്ഞട്ടില്ല ( SC Judgement on Eco Sensitive Zone ).
എന്താണ് സുപ്രീം കോടതി വിധി?
സംരക്ഷിത വനമേഖല, വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനം എന്നിവയ്ക്ക് ചുറ്റുമുളള ഒരു കിലോമീറ്റർ ദൂരം നിർബന്ധിതമായും ബഫർ സോണായി നിലനിർത്തണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ പാടുളളുവെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.
ഏതെങ്കിലും ഹൈക്കോടതികളോ കീഴ്കോടതികളോ കടകവിരുദ്ധമായ ഉത്തരവിറക്കിയാൽ സുപ്രീംകോടതി വിധിയായിരിക്കും നിലനിൽക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
എന്താണ് പരിസ്ഥിലോല മേഖല?
പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം (Eco Sensitive Zone-ESZ) അല്ലെങ്കിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങൾ (Ecologically Fragile Areas-EFA). ഇത്തരം പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക വഴി സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒരുതരം “ഷോക്ക് അബ്സോർബറുകൾ” സൃഷ്ടിക്കുക എന്നതാണ് ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുന്നു.
നിയന്ത്രണങ്ങൾ എന്തൊക്കെ?
പരിസ്ഥിതി ദുർബലപ്രദേശത്ത് ചിലതരം മാനുഷിക ഇടപെടലുകൾ, അവയുടെ പ്രത്യാഘാതങ്ങളുടെ വ്യാപ്തിക്കനുസരിച്ച് പൂർണമായോ ഭാഗികമായോ നിരോധിക്കുന്ന വ്യവസ്ഥകൾ മിക്ക രാജ്യങ്ങളുടെയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരിസ്ഥിതി ദുർബല മേഖലകളിൽ ഖനനം, മണൽ വാരൽ, മരം മുറിക്കൽ എന്നിവയ്ക്ക് കർശനമായ നിയന്ത്രണം ഉണ്ടാകും.
മലയോര മേഖലയുടെ ആശങ്ക എന്താണ്?
പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ മലയോര മേഖലകൾ നിലനിൽക്കുകയാണ്. പരിസ്ഥിതിലോല മേഖലയിൽ താമസിക്കാൻ തടസ്സമില്ലെങ്കിലും വീടോ കെട്ടിടങ്ങളോ നിർമിക്കാൻ കടുത്ത നിയന്ത്രണമുണ്ടാവുമെന്നതാണ് ആശങ്ക. വന അതിർത്തി വേർതിരിക്കുന്ന ജണ്ടകൾക്കു പുറത്തെ കൃഷിഭൂമികൂടി പരിസ്ഥിതിലോലമാക്കുന്നത് കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന് ജനങ്ങളെ ദുരിതത്തിലാക്കും. വന അതിർത്തി നിശ്ചയിച്ച ജണ്ടകൾക്കുള്ളിലുള്ള വനപ്രദേശം മാത്രമായിരുന്നു ഇ.എസ്.എ പരിധിയിൽ വരുന്നത്. എന്നാൽ, പിന്നീട് സ്ഥിതി മാറി. കൃഷിഭൂമികളും തോട്ടങ്ങളും പരിസ്ഥിതിലോല മേഖലയിൽ വന്നാൽ ദോഷകരമായി ബാധിക്കും. മലയോര കർഷകരുടെ കൈവശഭൂമി വനഭൂമിയാണെന്ന അവകാശവാദം വനം വകുപ്പ് ഉന്നയിക്കാൻ ഇടയാക്കും. മലയോര കർഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകുന്ന പ്രശ്നത്തിൽ ഇപ്പോൾ തന്നെ വനം വകുപ്പ് ഇത്തരം തർക്കം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വനം അതിർത്തി പങ്കുവെക്കാത്ത പ്രദേശങ്ങൾക്ക് പോലും പട്ടയം നൽകാൻ വനം വകുപ്പിന്റെ ശക്തമായ എതിർപ്പുണ്ട്. വനമേഖലക്ക് പുറത്തുള്ള പ്രദേശം ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണ്?
സുപ്രീം കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞത്. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും എംപവേർഡ് കമ്മിറ്റിയുടെയും ക്ലിയറൻസ് വാങ്ങി കേരളം മുന്നോട്ട് പോകുമെന്ന് മന്ത്രി റോഷി അഗ്സ്റ്റിൻ പറയുന്നു. പരിസ്ഥിതി ലോല മേഖലയുടെ പരിധി കുറയ്ക്കാനുളള അവകാശം കേരളത്തിനുണ്ടെന്നും അത് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തീരുമാനം വേണമെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കുന്നു.
ബൈറ്റ്- റോഷി അഗസ്റ്റിൻ
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുളള ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് കേരളത്തിൽ ലക്ഷ കണക്കിന് ജനങ്ങളെ ബാധിക്കുന്നതാണ്. അവരുടെ വർഷങ്ങളുടെ അധ്വാനം ഇല്ലാതാകരുത്. അതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുമെന്ന് കരുതാം.
Story Highlights: What is the SC Judgement on Eco Sensitive Zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here