ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോംഗിനെ തകർത്ത് ഇന്ത്യ

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോംഗിനെ തകർത്ത് ഇന്ത്യ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹോങ്കോംഗിനെ ഇന്ത്യ വീഴ്ത്തിയത്. അന്‍വര്‍ അലിയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമാണ് ആദ്യപകുതിയിൽ ഗോൾ നേടിയത്. മന്‍വീര്‍ സിംഗും ഇഷാന്‍ പണ്ഡിതയുമാണ് രണ്ടാംപകുതിയിൽ ഗോളടിച്ചത്. ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത് 29 വര്‍ഷത്തിനുശേഷമാണ്.
നേരത്തെ ഗ്രൂപ്പ് ബിയില്‍ പലസ്തീന്‍, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെതന്നെ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. യോഗ്യതാ പോരാട്ടങ്ങളില്‍ നേരത്തെ കംബോഡിയെയും അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.
Read Also: 2023 ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും ചൈന പിന്മാറി
കളി തുടങ്ങി രണ്ടാം മിനിറ്റിലാണ് അന്‍വര്‍ അലി ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇത്. ഇതോടെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി.
മന്‍വീര്‍ സിംഗ് 85-ാം മിനിറ്റിലും ഇഷാന്‍ പണ്ഡിത ഇഞ്ചുറി ടൈമിലുമാണ് ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് ഇഷാന്‍ പണ്ഡിത ഇറങ്ങിയത്. രണ്ടാം പകുതിയില്‍ ഹോങ്കോംഗ് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാനായില്ല.
Story Highlights: AFC Asian Cup qualifier, India beats Hong Kong after 29 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here