Advertisement

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യയ്ക്ക് ആദ്യജയം

June 14, 2022
Google News 2 minutes Read

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 29 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്.

Read Also: ചരിത്രനേട്ടവുമായി ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കയിൽ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയെ എട്ട് റൺസിന് പുറത്താക്കി അക്സര്‍ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്കസിനെ (23) മടക്കി ഹര്‍ഷല്‍ പട്ടേല്‍ ​ദക്ഷിണാഫ്രിക്കയ്ക്ക് കടുത്ത ആഘാതമേൽപ്പിച്ചു. ഏഴാം ഓവറില്‍ വാന്‍ ഡര്‍ ഡസ്സനെയും(1) തന്‍റെ തൊട്ടടുത്ത ഓവറില്‍ പ്രിട്ടോറിയസിനെയും(16 പന്തില്‍ 20) ചാഹല്‍ വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലാണ് 11-ാം ഓവറില്‍ അപകടകാരിയായ ഡേവിഡ് മില്ലറെ മടക്കിയത്. അ‍ഞ്ച് പന്തില്‍ മൂന്ന് റണ്‍സായിരുന്നു മില്ലറുടെ സമ്പാദ്യം. 24 പന്തില്‍ 29 റണ്‍സെടുത്ത ക്ലാസനെ ചാഹലാണ് മടക്കിയത്. റബാദയെയും (9) ഷംസിയെയും ഹര്‍ഷലും കേശവ് മഹാരാജിനെ (11) ഭുവനേശ്വര്‍ കുമാറും വീഴ്ത്തി. നോര്‍ക്യ റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ റതുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഇഷാന്‍ കിഷന്‍റെയും അര്‍ധസെഞ്ച്വറികളുടെ ബലത്തിലാണ് മാന്യമായ സ്കോർ പടുത്തുയർത്തിയത്. 35 പന്തില്‍ 57 റണ്‍സടിച്ച ഗെയ്‌ക്‌വാദാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 35 പന്തില്‍ നിന്നാണ് 54 റണ്‍സ് അടിച്ചുകൂട്ടിയത്.

Story Highlights: India’s first win in the Twenty20 series against South Africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here