മിനിസ്‌ക്രീനിൽ മാത്രമല്ല യൂട്യുബിലും താരം; യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ഉപ്പും മുളകും…
സീരിയൽ സങ്കല്പങ്ങളെ കീഴ്‌മേൽ മറിച്ച പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും (Uppum Mulakum). നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതൽ ഉപ്പും മുളകും വീണ്ടും സംപ്രേക്ഷണം ആരംഭിച്ചു. രണ്ടാം വരവിലും ‘ഉപ്പും മുളകും’ കുടുംബത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ബാലുവും നീലുവും മുടിയനുമെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തിയതിന്റെ സന്തോഷം പ്രേക്ഷകരും മറച്ചുവെക്കുന്നില്ല. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഉപ്പും മുളകും. പാറുക്കുട്ടി ജനിച്ച് നാലാംമാസം മുതൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയതാണ്. അന്ന് പ്രേക്ഷക ഹൃദയങ്ങളിൽ കുഞ്ഞു കുറുമ്പുകളിലൂടെ ഹൃദയം കവർന്ന പാറുക്കുട്ടി ഇന്ന് ഡയലോഗുകൾ പറയുന്ന, സീനുകൾക്ക് അനുസരിച്ച് അഭിനയിക്കുന്ന ഒരു കുഞ്ഞുതാരമാണ്. ശിവാനിയും, കേശുവും, ലച്ചുവും, മുടിയൻ ചേട്ടനുമെല്ലാം വീണ്ടും സ്ക്രീനിൽ അഭിനയിച്ച് തകർക്കുകയാണ്.
2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. അന്നും ഇന്നും ഉപ്പും മുളകിനുള്ള സ്വീകാര്യത വളരെ വലുതാണ്. മിനിസ്‌ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും. യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് വീണ്ടും. അഭിനേതാക്കൾ എന്നോ കഥാപാത്രങ്ങളെന്നോ മറന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന സ്നേഹമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാർന്ന അവതരണ ശൈലികൊണ്ടും, സ്‌പോട്ട് കോമഡികൾ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നു.
2016ൽ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരം ഉപ്പും മുളകും സീരിയലിന് ലഭിച്ചപ്പോൾ, മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം പര്‌നപരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന് ലഭിച്ചു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിഷ സാരംഗിന് ഹാസ്യാഭിനേത്രിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചിരുന്നു.
Story Highlights: Uppum Mulakum trending on youtube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here