Agneepath project ; സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും ‘അഗ്നിവീരന്‍മാർക്ക്’ മുൻഗണന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അഗ്നിപഥ് പദ്ധതി’ പ്രകാരം നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്ക് സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു. ഇന്നത്തെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി ആസൂത്രണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക. വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം.
Read Also: Agneepath Protest; അഗ്നിപഥ് പദ്ധതി: ബിഹാറിൽ പ്രതിഷേധം അക്രമാസക്തം, റെയിൽ-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു
സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇവരെ 48 മാസത്തിനുശേഷം പിരിച്ചുവിടും. ഏതാനും മാസത്തെ ഇടവേളക്കുശേഷം അവരിൽ നാലിലൊന്നുപേരെ പെൻഷൻ, ആരോഗ്യ പരിരക്ഷ, സബ്സിഡി, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം സഹിതം സ്ഥിരം സർവീസിലേക്കെടുക്കും. ബാക്കി വരുന്ന പിരിച്ചുവിടപ്പെട്ട 75 ശതമാനം പേർക്ക് മറ്റു ജോലികൾക്കാവശ്യമായ വൈവിധ്യമാർന്ന പരിശീലനങ്ങൾക്കുപുറമെ പത്തുലക്ഷത്തോളം രൂപയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കും. അർധസൈനിക വിഭാഗങ്ങളിലും സംസ്ഥാന പൊലീസ് സേനയിലുമുൾപ്പെടെ മറ്റ് സർക്കാർ ജോലികളിൽ ചേരുന്നതിനും അവർക്ക് മുൻഗണനയും നൽകും.
അതേസമയം, സൈനിക റിക്രൂട്ട്മെന്റിനായി അഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോഗാർത്ഥികൾ. അഗ്നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
Story Highlights: Agneepath project; Preference for ‘Firefighters’ for CAPF and Assam Rifles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here