അഗ്നിപഥ് പ്രതിഷേധം; ബിജെപി നേതാവിന്റെ വീട് തകർത്തു

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ സമരക്കാർ ബിജെപി നേതാവിൻ്റെ വീട് തകർത്തു. ബീഹാർ ബിജെപി പ്രസിഡൻ്റും എംപിയുമായ സഞ്ജയ് ജയ്സ്വാളിൻ്റെ വീടാണ് പ്രതിഷേധക്കാർ തകർത്തത്. ഇന്ന് തന്നെ ഉപ മുഖ്യമന്ത്രി രേണു ദേവിയുടെ വീടും പ്രതിഷേധക്കാർ തകർത്തിരുന്നു. വീട് അഗ്നിക്കിരയാക്കാനായിരുന്നു സമരക്കാർ ശ്രമിച്ചതെന്ന് സഞ്ജയ് ജയ്സ്വാൾ പറഞ്ഞു. (agneepath protest bjp house)
“എൻ്റെ വീട് ആക്രമിച്ചത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്. വീടിനു നേരെ കല്ലുകളെറിഞ്ഞു. ഡീസലൊഴിച്ച് വീട് കത്തിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാർ മടങ്ങിയത് ഒരു സിലിണ്ടർ ബോംബ് ഉപേക്ഷിച്ചിട്ടാണ്. വീട് അഗ്നിക്കിരയാക്കാനായിരുന്നു അവരുടെ ശ്രമം. വീട്ടിൽ സിസിടിവി ക്യാമറകളുണ്ട്. അധികൃതർ ഇത് പരിശോധിക്കുകയാണ്. നടപടി എടുക്കുമെന്ന് കരുതുന്നു. വീടിനുള്ളിലായിരുന്ന ഞാൻ ചുരുങ്ങിയത് 100 പ്രതിഷേധക്കാരെയെങ്കിലും തിരിച്ചറിഞ്ഞു. അവരിൽ ഒരാൾ പോലും സൈനികരാവാൻ താത്പര്യമുള്ളവരായിരുന്നില്ല.”- അദ്ദേഹം പ്രതികരിച്ചു.
ബീഹാറിൽ രണ്ട് ട്രെയിനുകൾക്ക് സമരാനുകൂലികൾ തീയിട്ടിരുന്നു. ന്യൂഡൽഹി-ഭഗൽപൂർ വിക്രംശില എക്സ്പ്രസിനും ന്യൂഡൽഹി-ദർഭംഗ ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസുമാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ലഖിസരായ്, സമസ്തിപൂർ റെയിൽവേ സ്റ്റേഷനുകളിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധക്കാർ സംസ്ഥാനത്തെ ഹൈവേകൾ തടയുകയും ചെയ്തു.
അഗ്നിപഥിനെതിരെ സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. ബുക്സറിനും കഹൽഗോണിനും ഇടയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിക്രമശില എക്സ്പ്രസിൻ്റെ 12 ബോഗികളും സമ്പർക്ക് ക്രാന്തി എക്സ്പ്രസിൻ്റെ 8 ബോഗികളുമാണ് അഗ്നിക്കിരയായത്. 20 ട്രെയിനുകൾ നിർത്തലാക്കി.
അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും ആളുകൾ പ്രതിഷേധം തുടർന്നു. തുടർന്ന് വെടിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസ് ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതര പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെക്കന്ദരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്ഫോമുകൾ പ്രതിഷേധക്കാർ കയ്യേറുകയും ട്രെയിൻ ബോഗികൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
Story Highlights: agneepath protest bjp house vandelised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here