Advertisement

തോക്ക് നിയന്ത്രണത്തിൽ അമേരിക്ക ആരെയെങ്കിലും ഭയക്കുന്നുണ്ടോ ?

June 17, 2022
Google News 2 minutes Read
america red flag law

‘നിങ്ങളെ എല്ലാവരേയും ഞാൻ വെടിവച്ചു കൊല്ലും’ സ്‌കൂൾ ബസ്സിൽ സഹപാഠികൾക്കു നേരെ ഭീഷണി മുഴക്കിയ ആ 16 കാരൻ പിന്നീട് പൊലീസിനോട് പറഞ്ഞത് വെടിയുതിർത്ത് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ്. കുഞ്ഞുവായിൽ നിന്ന് വന്ന വലിയ വർത്തമാനം കേട്ട ഇടപെട്ട പൊലീസുകാരുടെ ജാഗ്രത ഒഴിവാക്കിയത് ഒരു വലിയ ദുരന്തം.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വെടിവെയ്പ്പില് കൊല്ലപ്പെട്ട കുട്ടികളടെയും കൗമാരക്കാരുടെയും എണ്ണം വാഹനാപകടങ്ങളില് മരിക്കുന്നവരെക്കാള് കൂടിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. 2019നും 2020നും ഇടയ്ക്ക് 19ന് താഴെയുള്ള കുട്ടികള് ഉൾപ്പെട്ട വെടിവെയ്പ്പ് കൊലപാതങ്ങൾ വർദ്ധിച്ചത് 30 ശതമാനമാണ്.

തോക്ക് കൈവശം വെക്കുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് പക്ഷങ്ങൾ അമേരിക്കയില് ഉണ്ടങ്കിലും, ന്യൂയോർക്ക് സിറ്റിയിൽ നിന്നും അറുപതു മൈലുകൾ അകലെയുള്ള suffolk കൗണ്ടിയിൽ താമസിക്കുന്ന 16 കാരന്റെ ഭീഷണി കോടതി അതീവ?ഗൗരവത്തില് എടുത്തു. മുൻകരുതൽ എന്ന നിലയ്ക്ക് ഈ വിദ്യാർത്ഥിക്ക് തോക്ക് ലഭിക്കാനിടയാക്കുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. കേസ്സിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി ആ വിദ്യാർത്ഥിക്കെതിരെ റെഡ് ഫഌഗ് ഓർഡർ ഇറക്കി. റെഡ് ഫഌഗ് ഓർഡർ പ്രകാരം പൊലീസിന് അവന്റെ വീട്ടിലുള്ള തോക്കുകളടക്കമുള്ള ആയുധങ്ങൾ നീക്കം ചെയ്യാനാകും. വീട്ടിലുണ്ടായിരുന്ന രണ്ട് ഷോട്ട് ഗണ്ണുകൾ കണ്ടുകെട്ടി. വീട്ടിൽ തോക്കുകളില്ലാത്തത് തന്നെ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്ന് ആ വിദ്യാർത്ഥി പിന്നീട് തന്നോട് പറഞ്ഞതായി ന്യായാധിപൻ വെളിപ്പെടുത്തുകയും ചെയ്തു. റെഡ് ഫഌഗ് നിയമത്തിലൂടെ, സാഫക്ക് കൗണ്ടിയിൽ മാത്രം 160 തോക്കുകളാണ് ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.

Read Also: അമേരിക്കയിലെ പള്ളിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരുക്ക്

25 വയസ്സിൽ താഴെ പ്രായമുള്ള 22 പേരും 11 കൗമാരക്കാരും റെഡ് ഫഌഗ് നിയമത്തിന്റെ കീഴിൽ നിരീക്ഷണത്തിലായവരിൽ ഉൾപ്പെടുന്നു. ഇത് ഡസൻ കണക്കിന് അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് നടത്തിയ പരിശോധനയിൽ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയിൽ അടിക്കടിയുണ്ടാകുന്ന ദാരുണമായ വെടിവയ്പു സംഭവങ്ങൾ ജനങ്ങളുടെ സുരക്ഷിതത്വത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്ന അവസ്ഥയിൽ റെഗ് ഫഌഗ് നിയമം അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും നടപ്പാക്കണമെന്ന് ഒരു വിഭാഗം പേർ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ. എന്നാൽ തോക്ക് കൈവശം വയ്ക്കുന്നത് ഒരു പൗരാവകാശമായി കണക്കാക്കപ്പെടുന്ന രാജ്യത്ത് റെഗ് ഫഌഗ് നിയമത്തെ ഒരു കരിനിയമമായാണ് മറ്റൊരു കൂട്ടർ കാണുന്നത്. കഴിഞ്ഞ മാസം തുടർച്ചയായി വെടിവയ്പുകൾ നടന്ന പശ്ചാത്തലത്തിൽ ഫെഡറൽ റെഡ് ഫഌഗ് നിയമം പാസ്സാക്കാൻ യു എസ് കോൺഗ്രസിൽ പ്രസിഡന്റ് ജോ ബൈഡൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ ന്യൂയോർക്ക് അടക്കം 19 സ്റ്റേറ്റുകളും ഡിസ്ട്രിറ്റ് ഓഫ് കൊളമ്പിയയും റെഗ് ഫഌഗ് നിയമം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഫെഡറൽ നിയമമാക്കി അതിനെ മാറ്റുന്നതിന് അമേരിക്കൻ കോൺഗ്രസിൽ പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്.

ഇക്കഴിഞ്ഞ ജൂൺ ആറിന്, 21 വയസ്സിൽ താഴെ പ്രായമുള്ള ന്യൂയോർക്ക് നിവാസികളെ സെമിഓട്ടോമാറ്റിക് റൈഫിളുകൾ വാങ്ങുന്നതിൽ നിന്നും വിലക്കിക്കൊണ്ടും സമൂഹത്തിന് ഭീഷണിയുയർത്തുന്ന വ്യക്തികളിൽ നിന്നും താൽക്കാലികമായി ആയുധം പിടിച്ചെടുക്കാൻ കോടതിക്ക് അധികാരം നൽകുന്നവിധം റെഡ് ഫഌഗ് നിയമം പരിഷ്‌ക്കരിച്ചുകൊണ്ടും ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കോ നിയമം പാസ്സാക്കുകയും ചെയ്തിരിക്കുന്നു. ഫ്‌ളോറിഡയടക്കമുള്ള ചില സ്റ്റേറ്റുകൾ, ദാരുണമായ കൂട്ടക്കുരുതികളെത്തുടർന്ന്, നേരത്തെ തന്നെ എല്ലാത്തരം തോക്കുകൾ കൈവശം വയ്ക്കാനുള്ള പ്രായം 21 വയസ്സിലേക്ക് ഉയർത്തിയിരുന്നു. പക്ഷേ ന്യൂയോർക്കിൽ പുതിയ നിയമപ്രകാരം ഇപ്പോഴും പതിനെട്ടു വയസ്സുകാർക്ക് ഷോട്ട് ഗണ്ണുകളും ബോൾട്ട് ആക്ഷൻ റൈഫിളുകളും കൈവശം വയ്ക്കാനാകും .

പ്രാഥമികമായും റെഗ് ഫഌഗ് നിയമം തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള നിയമം തന്നെയാണ്. ഒരാളുടെ കൈവശമുള്ള തോക്കുകൾ അപകടകരമാണ് എന്ന് സ്ഥിരീകരിക്കാവുന്ന സൂചനകൾ ലഭിച്ചാൽ ആ വ്യക്തിയുടെ കൈവശമുള്ള തോക്കുകൾ സർക്കാരിന് പിടിച്ചെടുക്കാൻ അധികാരം നൽകുന്നുവെന്നതാണ് ആ നിയമത്തിന്റെ പ്രസക്തി. വ്യക്തി നടത്തിയ പരാമർശങ്ങളും അയാളുടെ മുൻ ചെയ്തികളുമെല്ലാം കോടതി പരിശോധിച്ചശേഷം അയാളിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നു. . ഒരർത്ഥത്തിൽ ദാരുണമായ ഒരു കൂട്ടക്കുരുതികൾ ഒഴിവാക്കുന്നതിനുള്ള ഒരു മുൻകരുതലായാണ് റെഗ് ഫഌഗ് നിയമം പ്രവർത്തിക്കുന്നത്.

1999ലാണ് ആദ്യമായി റെഡ് ഫഌഗ് നിയമം അമേരിക്കയിലെ ഒരു സ്റ്റേറ്റ് നടപ്പിലാക്കുന്നത്. കണക്ടികട്ടിലുണ്ടായ ഒരു വെടിവെയ്പിനെ തുടർന്നായിരുന്നു കനറ്റികട്ട് റെഗ് ഫഌഗ് നിയമത്തിന് പച്ചക്കൊടി കാട്ടിയത്. തുടർന്ന് നിരവധി സംസ്ഥാനങ്ങൾറിപ്പബ്ലിക്കൻസിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് ഈ നിയമം പാസ്സാക്കി.

വർധിച്ചുവരുന്ന കൂട്ടക്കുരുതികളുടെ പശ്ചാത്തലത്തിൽ റെഡ് ഫഌഗ് നിയമം പാസ്സാക്കുന്ന സ്റ്റേറ്റുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനുള്ള ആലോചനയിലാണ് ഇന്ന് ജോ ബൈഡൻ ഭരണകൂടം. അമേരിക്കയിൽ ഏറ്റവുമധികം റെഡ് ഫഌഗ് നിയമ ഉത്തരവുകളുണ്ടായത് ഫ്‌ളോറിഡയിലാണ്. പാർക്ക് ലാൻഡിലുണ്ടായ സ്‌കൂൾ വെടിവയ്പിനെ തുടർന്ന് 2018ൽ ഫ്‌ളോറിഡയിൽ റെഡ് ഫഌഗ് നിയമം പാസ്സാക്കിയതിനുശേഷം ഇതുവരേയ്ക്കും 8000 റെഡ് ഫഌഗ് ഉത്തരവുകളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 2800 ഉത്തരവുകൾ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ റെഡ് ഫഌഗ് നിയമം അക്രമങ്ങൾക്കും ആത്മഹത്യകൾക്കും തടയിടുന്നതിൽ കാര്യക്ഷമമെല്ലന്നും ജനങ്ങളുടെ കൈയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള കുറുക്കുവഴിയായി സർക്കാർ അതിനെ മാറ്റുകയാണെന്നും വ്യാപകമായ ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.

വർധിച്ചുവരുന്ന കൂട്ടക്കുരുതികൾ അമേരിക്കയെ ഭീതിയുടെ മുൾമുനയിലാണ് നിർത്തിയിട്ടുള്ളതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. 72 ശതമാനം അമേരിക്കക്കാരും ഫെഡറൽ റെഡ് ഫഌഗ് നിയമം നടപ്പാക്കുന്ന കാര്യത്തിൽ അനുകൂലിക്കുന്നവരാണെന്നും കേവലം 23 ശതമാനം പേർ മാത്രമാണ് അതിനെ എതിർക്കുന്നതെന്നുമാണ് 2019ൽ പി ബി എസ് ന്യൂസ് അവർ നടത്തിയ വോട്ടെടുപ്പിൽ നിന്നും വ്യക്തമായത്.

2019 ഓഗസ്റ്റ് നാലിനും അഞ്ചിനും ടെക്‌സാസിലും ഓഹായോയിലും നടന്ന വെടിവയ്പുകളെ തുടർന്ന് ഡൊണാൾഡ് ട്രംപ് വിവിധ സ്റ്റേറ്റുകൾ റെഗ് ഫഌഗ് നിയമം കൊണ്ടുവരുന്നതിനെ അനുകൂലിച്ചിരുന്നുവെങ്കിലും 2020ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്ന തോക്ക് അനുകൂലികളുടെ ഭീഷണികളെ തുടർന്ന് ട്രംപ് പിന്മാറുകയായിരുന്നു. എന്തിനധികം പറയുന്നു, റെഡ് ഫഌഗ് നിയമം സ്റ്റേറ്റോ സിറ്റിയോ കൗണ്ടിയോ പാസ്സാക്കുന്നത് നിരോധിച്ചുകൊണ്ട് ഓക്കലഹാമ സ്‌റ്റേറ്റ് അമേരിക്കയിലെ ആദ്യത്തെ ആന്റി റെഡ് ഫഌഗ് നിയമവും നടപ്പിലാക്കി.

തോക്ക് നിയന്ത്രണത്തിൽ അമേരിക്ക ആരെയെങ്കിലും ഭയക്കുന്നുണ്ടോ 968 നും 2017 നും ഇടയിൽ അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങളിൽ പൊലിഞ്ഞത് പതിനഞ്ച് ലക്ഷം ജീവനുകളാണ്. ഇത് 1775ലെ സ്വാതന്ത്ര്യ സമരം മുതൽ നടന്ന അമേരിക്കയിൽ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലും ഏറെയാണ്. ഓരോ തോക്ക് ആക്രമണത്തിന് പിന്നിലും ഓരോ കഥയുമുണ്ട്. അത് കൊലയാളികളുടെ ദുഷ്‌കരമായ ശൈശവബാല്യകൗമാരങ്ങളുടേതാവാം..അവർ അനുഭവിച്ച അവഗണനയുടേതാകാം…സ്വന്തം കുടുംബത്തിന്റെ ക്രിമിനൽ പശ്ചാത്തലങ്ങളാവാം..കാരണം എന്തായാലും ഒരു ക്രിമിനൽ ജനിക്കുകയല്ല…വളർത്തപ്പെടുകയാണ് എന്ന് തെളിയിക്കുന്ന ഒരു തിരക്കഥയിലാകും ഒട്ടുമിക്ക തോക്ക് അതിക്രമങ്ങളും അവസാനിക്കുന്നത്.ഓരോ അക്രമിയുടെയും ജീവിതത്തിന്റെ തിരശീല മാറ്റി നോക്കിയാൽ പിന്നിലെ വേദിയിൽ അവനെ അതിന് പ്രേരിപ്പിക്കുന്ന കഥാപാത്രങ്ങളുണ്ടാവാം..പ്ലോട്ടുകളുണ്ടാവാം. തോക്ക് കഥകൾ തുടർക്കഥയാകാതിരിക്കാൻ ജനസംഖ്യയേക്കാൾ കൂടുതൽ തോക്കുകളുള്ള ഒരു രാജ്യത്ത് അമേരിക്കൻ ജനപ്രതിനിധി സഭ ഒരിക്കൽ ഒരുമിക്കുമെന്ന് പ്രത്യാശിക്കാം.

Story Highlights: america red flag law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here