നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾക്ക് ഈ കളിയിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. (india south africa t20)
Read Also: ടി-20 റാങ്കിംഗ്: 68 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇഷാൻ കിഷൻ; ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യൻ താരം
മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ 2-1 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരമ്പരയിൽ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിലേക്ക് തിരികെയെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ കളി ഇന്ത്യക്ക് നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. കളി ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം. ടോപ്പ് ഓർഡറിൽ ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഫിഫ്റ്റി നേടാൻ താരത്തിനു സാധിച്ചു. സ്ഥിരതയാർന്ന പ്രകടനങ്ങൾ കിഷനെ ഐസിസി റാങ്കിംഗിൽ ഏഴാമതും എത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയ ഋതുരാജ് ഗെയ്ക്‌വാദ് ഫോമിലേക്കെത്തിയതും ഇന്ത്യക്ക് ആശ്വാസമാണ്. മധ്യനിരയാണ് ഇന്ത്യയുടെ പ്രശ്നം. ഋഷഭ് പന്ത് ഏറെ നിരാശപ്പെടുത്തുമ്പോൾ ശ്രേയാസ് അയ്യറും മികച്ച പ്രകടനങ്ങളല്ല നടത്തുന്നത്. ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് എന്നിവർ ഫിനിഷർ റോളിൽ തരക്കേടില്ലാതെ കളിക്കുന്നു. ബൗളിംഗിൽ ഭുവനേശ്വർ കുമാർ ഗംഭീരമായി കളിക്കുമ്പോൾ ഹർഷൽ പട്ടേൽ, യുസി ചഹാൽ, അക്സർ പട്ടേൽ എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്. ആവേശ് ഖാൻ തരക്കേടില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും പകരം അർഷ്ദീപോ ഉമ്രാനോ കളിച്ചേക്കാൻ സാധ്യതയുണ്ട്.
എയ്ഡൻ മാർക്രം പരുക്കേറ്റ് പുറത്തായത് ദക്ഷിണാഫ്രിക്കയുടെ ടീം ബാലൻസിനെ ബാധിച്ചിട്ടുണ്ട്. ഡികോക്ക് തിരികെയെത്തിയാൽ റീസ ഹെൻറിക്ക്സ് പുറത്തിരിക്കും. കഴിഞ്ഞ മത്സരങ്ങളിലൊന്നും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. വിജയിച്ച രണ്ട് മത്സരങ്ങളിലും വ്യക്തിഗത പ്രകടനങ്ങളാണ് അവരെ തുണച്ചത്. ആദ്യ കളിയിൽ ഡേവിഡ് മില്ലറും രണ്ടാം മത്സരത്തിൽ ഹെൻറിച് ക്ലാസനും അവരെ വിജയിപ്പിക്കുകയായിരുന്നു.
Story Highlights: india south africa 4th t20 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here