Advertisement

സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് ലക്ഷ്യ അംഗീകാരം

June 17, 2022
Google News 2 minutes Read

സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്കാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 96 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചത്. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 87 ശതമാനം വീതം സ്‌കോറോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്യുന്നത് മുതല്‍ പ്രസവ ശേഷം വാര്‍ഡില്‍ മാറ്റുന്നത് വരെ ഗര്‍ഭിണികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുന്നു. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ലേബര്‍ റൂമിലേയും ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഭൗതിക സാഹചര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്തു. രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. അതിതീവ്ര പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യങ്ങളോട് കൂടിയ ഐസിയു, ഹൈ ഡെപ്പന്റന്‍സി യൂണിറ്റ് എന്നിവ സജ്ജമാക്കി. ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായി ലക്ഷ്യ പദ്ധതി നടപ്പിലാക്കിയ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം. ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ സമീപിക്കുന്ന ആശുപത്രി കൂടിയാണിത്. കോഴിക്കോടിന് പുറമേ മലപ്പുറം, വയനാട് ജില്ലകളിലുള്ള സങ്കീര്‍ണാവസ്ഥയിലുള്ള ഗര്‍ഭിണികളില്‍ ഭൂരിപക്ഷം പേരും ഈ ആശുപത്രിയേയാണ് സമീപിക്കുന്നത്. മധ്യകേരളത്തില്‍ ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളജ്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിരിക്കുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളെക്കൂടി ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

Story Highlights: lakshya approval for two medical colleges in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here