Agneepath Protest; അഗ്നിപഥ് പദ്ധതിയിൽ കേന്ദ്ര സർക്കാരിന് കൈപൊള്ളുന്നു; ട്രെയിനുകൾക്ക് തീയിട്ട് ഉദ്യോഗാർത്ഥികൾ

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ബിഹാറിൽ പാസഞ്ചർ ട്രെയിനിന് ഉദ്യോഗാർത്ഥികൾ തീയിട്ടു. രണ്ട് ബോഗികൾ പൂർണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജമ്മുത്താവി- ഗുഹാവത്തി എക്സ്പ്രസിനാണ് പ്രതിഷേധക്കാർ തീയിട്ടത്. ഇതിനുപുറമേ ആര റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്. ലഖിസറായ് സ്റ്റേഷനിൽ വിക്രംശീല എക്സ്പ്രസും സമരക്കാർ കത്തിച്ചു. ഉത്തർ പ്രദേശിലെ ബലിയയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
എഴ് സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചിരുന്നു. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോഗാർത്ഥികൾ. അഗ്നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. നാല് വർഷത്തേക്കാണ് സൈനിക സേവനം. ഇതിന് ശേഷം 25 ശതമാനം പേർക്ക് മാത്രമായിരിക്കും തുടർന്ന് മറ്റ് സൈനിക വിഭാഗങ്ങളിൽ സേവനം ചെയ്യാനാവുക. 75 ശതമാനം ഉദ്യോഗാർത്ഥികളും പുറത്താക്കപ്പെടുമെന്ന് ആരോപിച്ചാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്.
Story Highlights: Protest over Agneepath project; Employees set fire to trains
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here