അടച്ചുറപ്പുള്ള വീട്ടിലേക്ക് ഇനിയുമെത്ര ദൂരം?; എങ്ങുമെത്താതെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസം

കേരളം മറന്നുതുടങ്ങിയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതക്കയത്തില്‍ മാത്രം ഇന്നും ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുണ്ട് കാസര്‍ഗോട്ട്. വിഷമഴയില്‍ തളര്‍ന്നുപോയ തങ്ങളുടെ കുട്ടികളേയും കൊണ്ട് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാനാകുമെന്ന പ്രതീക്ഷപോലും നശിച്ചുതുടങ്ങിയ മാതാപിതാക്കള്‍… കയറിക്കിടക്കാന്‍ ഒരു വീടുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ആരോടും പരാതി പോലും പറയില്ലായിരുന്നുവെന്ന് പറയാന്‍ മനസുള്ള പാവപ്പെട്ട ജനങ്ങള്‍…. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. തറക്കല്ലിട്ട പദ്ധതികള്‍ കാടുപിടിച്ച് നശിക്കുമ്പോള്‍ പ്രതീക്ഷകള്‍ അവസാനിക്കുന്നത് മക്കള്‍ക്ക് സുരക്ഷിതമായ ഇടം കണ്ടെത്താന്‍ സാധിക്കാതെ നിസഹായരായ രക്ഷിതാക്കളുടേതാണ്. (Endosulfan rehabilitation is in vague)
എന്‍ഡോസള്‍ഫാന്‍ ദുരിതപ്പെയ്ത്തില്‍ രോഗബാധിതനായ മകന്‍ ശ്രീജിത്തിന് ഒരു വീടിനായി ഇനി എവിടെയെല്ലാം അലയണമെന്ന് കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജനും പാര്‍വതിക്കും യാതൊരു പിടിയുമില്ല. പല വാതിലുകളില്‍ മുട്ടി മടുത്ത ഇവര്‍ക്ക് അടച്ചുറപ്പുള്ള ഒരു വീടെന്ന പ്രതീക്ഷ നശിച്ചുതുടങ്ങി. വോട്ടിനായി മാത്രമെത്തുന്ന രാഷ്ട്രീയക്കാരോ പൊതുപ്രവര്‍ത്തകരോ തിരിഞ്ഞുനോക്കുന്നില്ല. സമാനമായ അനുഭവമാണ് പെരിയാട്ടടുക്കത്തെ ശൈലയ്ക്കുമുള്ളത്. ഒരു കുഞ്ഞുവീട് കിട്ടിയിരുന്നെങ്കില്‍ ഒരു പരാതിയും പിന്നെ ഞങ്ങള്‍ പറയില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രോഗബാധിതയായ മകളേയും കൊണ്ട് ഈ അമ്മ കാലങ്ങളായി ജീവിതത്തോട് പൊരുതുകയാണ്. രോഗത്താല്‍ തളര്‍ന്ന മക്കളേയും കൊണ്ട് തകര്‍ന്നുതുടങ്ങിയ വീടുകളില്‍ താമസിക്കുന്ന മാതാപിതാക്കള്‍ കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലെ ഒറ്റപ്പെട്ടതല്ലാത്ത കാഴ്ചകളാണ്. അത്തിക്കോത്തെ രാജന്റേയും പെരിയാട്ടടുക്കത്തെ ശൈലയുടേയും അനുഭവങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്.
പെര്‍ളയില്‍ ദുരിതബാധിതര്‍ക്കായി സത്യസായ് ഓര്‍ഫണേജ് ട്രസ്റ്റ് നല്‍കിയ 36 വീടുകളാണ് കാടുപിടിച്ച് നശിക്കുന്നത്. ഇതിന് കാരണമായി അധികൃതര്‍ പറയുന്നതോ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കൊരുത്തിട്ട മറുപടികളും. പുനരധിവാസഗ്രാമപദ്ധതിക്കായി മൂളിയാറില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തറക്കല്ലിട്ട ഭൂമിയില്‍ ഈ വര്‍ഷങ്ങളത്രയും യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പുല്ലുപടര്‍ന്നുകയറിയ തറക്കല്ല് മറവിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്. അധികൃതരെ ഓര്‍മിപ്പിക്കാനോ ദുരിതബാധിതരുടെ തേങ്ങലുകള്‍ക്ക് കഴിയുന്നുമില്ല. പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതിവഴിയിലാണ്. ഉറപ്പുള്ള നാല് ചുവരുകള്‍ക്കുള്ളിലെ സമാധാനത്തിലേക്കെങ്കിലും ചെന്നെത്താന്‍ ഇനിയും എത്രദൂരം പോകേണ്ടിവരുമെന്നാണ് ഈ ജനത ഒന്നാകെ ചോദിക്കുന്നത്.
Story Highlights: Endosulfan rehabilitation is in vague
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here