Advertisement

ഗുജറാത്ത് കലാപത്തിന്റെ പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കിയതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

June 18, 2022
Google News 3 minutes Read

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാനെന്ന പേരിൽ ​ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്നും ഗുജറാത്ത് വംശഹത്യയുടെ പരാമർശങ്ങൾ അടങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്തതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗുജറാത്ത് കലാപ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി പറഞ്ഞ വാക്കുകൾ ഉൾപ്പടെയാണ് നീക്കം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ മറവികൾക്കെതിരെ ഓർമ്മകളുടെ പോരാട്ടമാണ് രാഷ്ട്രീയം എന്നു പറഞ്ഞത് വിശ്വപ്രസിദ്ധനായ എഴുത്തുക്കാരൻ മിലൻ കുന്ദേരയാണ്.
അദ്ദേഹം ഇടതുപക്ഷക്കാരനായിരുന്നില്ല. കിഴക്കൻയൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ പ്രതിഷേധിച്ചവരിൽ പ്രധാനിയായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനു വേണ്ടി ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്നും ഗുജറാത്ത് വംശഹത്യയുടെ പരാമർശങ്ങൾ അടങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്യുന്നുവെന്ന വാർത്ത കാണുമ്പോൾ കുന്ദേരയുടെ വാക്കുകൾ ഓർക്കാതിരിക്കാനാവില്ല.

Read Also: പ്രതിപക്ഷം വിട്ടുനിന്ന ലോക കേരള സഭയുടെ മൂന്നാം സമ്മേളനം; ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

“സർക്കാർ സംവിധാനങ്ങൾ വിഭാഗീയമായ വിഭ്രാന്തികൾക്ക് വശംവദമാകാം എന്ന് ഗുജറാത്ത് കലാപം ചൂണ്ടികാണിയ്ക്കുന്നു. ഇത് ജനാധിപത്യ രാഷ്ട്രീയത്തിനു ഭീഷണിയാണ്”
(ഗുജറാത്ത് കലാപത്തെക്കുറിച്ച് എൻസിഇആർടി പാഠപുസ്തകത്തിലെ പരാമർശം)
” ഗുജറാത്തിലെ മുഖ്യമന്ത്രിക്ക് ഒരു സന്ദേശം; അദ്ദേഹം രാജധർമ്മം പാലിക്കണം. ഒരു ഭരണാധികാരി തന്റെ പ്രജകൾക്കു നേരേ ജാതി, മത വംശീയ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുവാൻ പാടുള്ളതല്ല”
( ഗുജറാത്ത് കലാപ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകൾ)

ഗുജറാത്തിലെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന മേൽപ്പറഞ്ഞ പാഠഭാഗങ്ങൾ ഇനി വിദ്യാർത്ഥികൾ പഠിക്കുകയില്ല. ഗുജറാത്ത് കലാപത്തെ കുറിച്ച് മാത്രമല്ല, മുഗൾ ഭരണ സമ്പ്രദായത്തെ കുറിച്ചും ശീതയുദ്ധത്തെ കുറിച്ചുമൊന്നും പുതുക്കിയ എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇനി പരാമർശങ്ങൾ ഉണ്ടാകില്ല. നാളെയുടെ തലമുറയ്ക്ക് തെറ്റും ശരിയും ബോധ്യമാവാനാണ് നാം സാമൂഹ്യ അനുഭവങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത്. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാർ ഗുജറാത്തിൽ നടത്തിയ ആസൂത്രിതമായ വംശഹത്യയുടെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. അത് പാഠഭാഗങ്ങളിൽ നിന്നും നീക്കം ചെയ്യാൻ കഴിഞ്ഞേക്കാം എന്നാൽ മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞ ആഴത്തിലുളള മുറിവ് വിസ്മൃതിയിലേക്കാണ്ടു പോകുമെന്ന സംഘപരിവാരത്തിന്റെ പ്രതീക്ഷകൾ വെറുതെയാണ്. മറവികൾക്കെതിരെ ഓർമ്മകളുടെ വിട്ടുവീഴ്ച്ചകളില്ലാത്ത നിരന്തര സമരമാണ് രാഷ്ട്രീയം.’ – മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

എൻസിഇആർടി 12-ാം ക്ലാസ്‌ പാഠപുസ്‌തകങ്ങളിൽനിന്ന്‌ ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കമാണ് നീക്കിയത്. പൊളിറ്റിക്കൽ സയൻസ്‌ 12-ാം ക്ലാസ്‌ പാഠപുസ്‌തകത്തിൽ 187-ാം പേജ്‌ മുതൽ 189-ാം പേജ്‌ വരെയാണ്‌ ഗുജറാത്ത്‌ വംശഹത്യയെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്‌. വംശഹത്യയുടെ ഭീകരത വ്യക്തമാക്കി 2002 മാർച്ച്‌ ഒന്നിന്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രം പ്രസിദ്ധീകരിച്ച ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. ഇതും നീക്കംചെയ്‌തു.

Story Highlights: Minister Mohammad Riyaz opposes removal of references to Gujarat Rebellion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here