Advertisement

അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസസർക്കാർ പിൻമാറണം; ‘രാജ്യത്തിന് ആപത്ത്’; കോടിയേരി ബാലകൃഷ്ണൻ

June 19, 2022
2 minutes Read

അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസസർക്കാർ പിൻമാറണമെന്നും സൈന്യത്തിന്റെ കരാർവൽക്കരണം രാജ്യത്തിന് ആപത്താണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസിന്റെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി രാജ്യത്തിന്റെ സൈന്യത്തിന് ദോഷകരമായി തീരും എന്നത് തർക്കമറ്റ കാര്യമാണ്. രാജ്യത്തിന് തികഞ്ഞൊരു സായുധസേനയെ ഉണ്ടാക്കാൻ നാല് വർഷത്തെ കരാർ സേവനം കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.(kodiyeri balakrishanan against agnipath)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

കോടിയേരി ബാലകൃഷ്ണൻ- ഫേസ്ബുക്ക് പോസ്റ്റ്

സൈനിക സേവനം കരാർവൽക്കരിച്ച നരേന്ദ്രമോഡി സർക്കാരിനെതിരെയുള്ള പ്രതിഷേധം രാജ്യമാസകലം പടർന്നുപിടിക്കയാണ്. നാല് വർഷ സേവനത്തിനായി യുവാക്കളെ സൈന്യത്തിലെടുക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരായാണ് രാജ്യം തെരുവിലിറങ്ങുന്നത്. പതിനേഴര മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയുള്ളവരെ മൂന്നു സേനാവിഭാഗങ്ങളിലും അഗ്നിവീർ എന്ന പേരിൽ നിയമിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഓരോ ബാച്ചിലെയും 25 ശതമാനം പേർക്ക് ദീർഘകാല സേവനത്തിന് അവസരം നൽകുമെന്ന വ്യാമോഹവും നൽകുന്നുണ്ട്. നാല് വർഷ സേവനം കഴിഞ്ഞ് പിരിഞ്ഞുപോകുന്നവർക്ക് പെൻഷനോ മറ്റ് സൈനിക ആനുകൂല്യങ്ങളോ ഉണ്ടാവില്ല. ഈ പദ്ധതി രാജ്യത്തിന്റെ സൈന്യത്തിന് ദോഷകരമായി തീരും എന്നത് തർക്കമറ്റ കാര്യമാണ്. രാജ്യത്തിന് തികഞ്ഞൊരു സായുധസേനയെ ഉണ്ടാക്കാൻ നാല് വർഷത്തെ കരാർ സേവനം കൊണ്ട് സാധിക്കില്ല. പെൻഷൻ ഒഴിവാക്കാൻ വേണ്ടിയുള്ള ഈ സൂത്രപ്പണി സൈന്യത്തിന്റെ കാര്യക്ഷമതയേയും ഗൗരവത്തേയും രാജ്യത്തിന്റെ സുരക്ഷയേയും ബാധിക്കും. ആർ എസ് എസിന്റെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

ബി ജെ പി മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പറഞ്ഞിരുന്നത്. വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത കേന്ദ്രസർക്കാർ, പെൻഷനില്ലാത്ത നാല് വർഷത്തെ സൈനിക സേവനം ഉയർത്തിക്കാട്ടി തൊഴിൽരഹിതരായ യുവജനങ്ങളെ കബളിപ്പിക്കുകയാണ്. അഗ്നിപഥ് പദ്ധതി ഇന്ത്യൻ സമൂഹത്തിന്റെ സൈനികവൽക്കരണത്തിലേക്കാണ് നയിക്കുക. രാഷ്ട്രത്തിന്റെ ഹിന്ദുവൽക്കരണവും ഹിന്ദുക്കളുടെ സൈനികവൽക്കരണവും ആർ എസ് എസ് സൈദ്ധാന്തികനായ സവർക്കർ മുന്നോട്ടുവെച്ച ആശയമാണ്. ബി ജെ പി സർക്കാർ അത്തരം ആശയങ്ങളെ പ്രയോഗത്തിൽ വരുത്താനാണ് ശ്രമിക്കുന്നത്. യുവാക്കൾക്ക് സുരക്ഷിതമായ തൊഴിൽ നൽകാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്‌നവും കാർഷിക പ്രതിസന്ധിയും ശാസ്ത്രീയമായി പരിഹരിക്കാനാണ് കേന്ദ്രസർക്കാർ തയ്യാറാവേണ്ടത്.

നാല് വർഷത്തെ സൈനിക സേവനം കഴിഞ്ഞിറങ്ങുന്നവരെ ഉപയോഗിച്ച് ആർ എസ് എസിന്റെ സ്വകാര്യസേനകൾ പരിപോഷിപ്പിക്കാനുളള ശ്രമവും അഗ്‌നിപഥിന്റെ ഭാഗമായി ഉണ്ടാവും എന്നതുറപ്പാണ്. രണ്ടുവർഷമായി കരസേനയിൽ റിക്രൂട്ട്മെന്റില്ല. രാജ്യത്ത് തൊഴിലില്ലായ്മ സമാനതകളില്ലാതെ പെരുകുമ്പോഴാണ് തൊഴിൽസുരക്ഷ പോലും ഉറപ്പ് നൽകാതെ രാജ്യത്തിനായി ജീവത്യാഗം ചെയ്യാൻ യുവാക്കളോട് അഹ്വാനം ചെയ്യുന്നത്. കേന്ദ്രസർക്കാർ അഗ്‌നിപഥ് പദ്ധതിയിൽ നിന്ന് പിൻമാറി രാജ്യത്തിന്റെ ആശങ്ക മാറ്റാൻ തയ്യാറാവണം.

Story Highlights: kodiyeri balakrishanan against agnipath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top