Advertisement

അവശേഷിക്കുന്ന ‘നന്മത്വം’ നഷ്ടപ്പെടരുത്, അവയവദാനത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട് ; ഡോ. ജോ ജോസഫ്

June 21, 2022
Google News 3 minutes Read

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫ്. മെഡിക്കൽ കോളജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണമാണ് വൃക്ക സ്വീകരിച്ച രോഗി മരിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. പക്ഷേ ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ അവയവദാനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ടെന്ന് തൃക്കാക്കരയിലെ ഡോ. ജോ ജോസഫ് പറഞ്ഞു.

അവയവദാനത്തെ എതിർക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവർണ്ണാവസരമായി ഉപയോഗിക്കുന്നുണ്ട്. മരണാനന്തരമുള്ള അവയവദാനം കേരളത്തിൽ വളരെ സുതാര്യമായി നടക്കുന്ന ഒരു പ്രക്രിയയാണെന്ന് ജോ ജോസഫ് പറയുന്നു. സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഒന്നാണ് കേരള മരണാനന്തര അവയവദാന സംവിധാനം. എന്നാൽ ചില വ്യക്തികളും സംഘടനകളും ഇതൊന്നും മനസ്സിലാക്കാതെ മനപ്പൂർവമെന്നോണം തെറ്റിദ്ധാരണകൾ ഉണ്ടാക്കി അവയവദാനങ്ങൾ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു വരുന്നുണ്ടെന്ന് ഡോ. ജോ ജോസഫ് ആരോപിക്കുന്നു. നിരവധി അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അവശേഷിക്കുന്ന ‘നന്മത്വം’ നഷ്ടപ്പെടാനിടയാക്കരുത്.
അവയവദാനത്തെ ഒരു മഹാദാനമായാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ അത് വളരെ ചുരുങ്ങിയ ഒരു നിർവചനമാണ്. പ്രശസ്ത ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനായ ഡോ .ജോസ് ചാക്കോ പെരിയപ്പുറം അവയവമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘നന്മത്വം’. മനുഷ്യന്റെ/ സമൂഹത്തിന്റെ നന്മയുടെ മൂർത്തമായ പ്രകടനമാണ് ഓരോ അവയവദാനവും. അതുകൊണ്ടുതന്നെ മഹാദാനം എന്നൊരു പൊതു സംജ്ഞയിൽ ഒതുക്കപ്പെടേണ്ടതല്ല അവയൊന്നും.
മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്നും അവയവം വേർപെടുത്തി അത് തുന്നിപിടിപ്പിക്കാൻ ഉദ്ദേശിക്കുന്ന രോഗിയിൽ എത്തിക്കുന്ന പ്രക്രിയയെയാണ് ഡോണർ റൺ (donor run)എന്നു പറയുന്നത്. അനേകം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ആകാശമാർഗ്ഗവും റോഡ് മാർഗ്ഗവും ഈ ഓട്ടം നടത്തിയിട്ടുള്ള ഒരാളാണ് ഞാൻ.

കേരളമാകെ ഇന്ന് ചർച്ചചെയ്യപ്പെടുന്ന , എറണാകുളത്തു നിന്നും തിരുവനന്തപുരം വരെ കിഡ്നിയുമായി നടന്ന ,ഇന്നലത്തെ ഡോണർ റണ്ണിലും നേരിട്ടല്ലെങ്കിലും ഞാനും പങ്കെടുത്തു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള എന്റെ യാത്രക്കിടയിൽ പോലീസ് എസ്കോർട്ടൊടു കൂടി എതിർദിശയിൽ പാഞ്ഞു വന്ന ഈ ആംബുലൻസിന് കടന്നുപോകാൻ സ്ഥലവും സൗകര്യം ഒരുക്കുവാൻ വാഹനം മാറ്റി ഒതുക്കിയ അനേകം പൗരന്മാരിൽ ഒരാളാണ് ഞാൻ. നിർഭാഗ്യവശാൽ ഇന്നലെ ആ അവയവം സ്വീകരിച്ച രോഗി മരണപ്പെടുകയാണുണ്ടായത്. അതിന്റെ കാരണങ്ങൾ കണ്ടെത്താനായി ഗവൺമെന്റ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നേരിട്ട് അറിവില്ലാത്ത ഒരു കാര്യമായതു കൊണ്ട് തന്നെ മരണകാരണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഉചിതവും വസ്തുതാപരവുമാകാനുള്ള സാധ്യത കുറവാണ്. എങ്കിലും ദൃശ്യമാധ്യമങ്ങളിൽ കൂടി ലഭിക്കുന്ന ചിത്രങ്ങളിൽനിന്നും കാര്യങ്ങൾ അല്പം ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെട്ടോയെന്ന പൊതുജനത്തിന്റെ സംശയം സാധൂകരിക്കപ്പെടില്ലേ എന്നൊരു ചിന്ത. പക്ഷേ ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ അവയവദാനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട്. അവ തിരുത്തുക എന്നത് ഒരു പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയിൽ എന്റെയും ഉത്തരവാദിത്വമാണ് എന്നതുകൊണ്ടാണ് ഈ കുറിപ്പ്.

അവയവദാനത്തെ എതിർക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവർണ്ണാവസരമായി ഉപയോഗിക്കുന്നുണ്ട്. മരണാനന്തരമുള്ള അവയവദാനം കേരളത്തിൽ വളരെ സുതാര്യമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഗവൺമെന്റിന്റെ കർശനമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണിത് .ഇതിൻമേലുള്ള നിയന്ത്രണങ്ങളുടെ കാർക്കശ്യം അൽപ്പം കൂടുതലാണ് എന്ന് പോലും വിദഗ്‌ദാഭിപ്രായങ്ങളുമുണ്ട്. അവയവദാനത്തിനു വേണ്ടി സർക്കാർ ഒരുക്കിയ സംവിധാനമാണ് കെ .എൻ. ഒ .എസ് (കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്). ഈ സർക്കാർ സംവിധാനത്തിന്റെ കീഴിലുള്ള മരണാനന്തര അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി.കേരളത്തിൽ എവിടെയും ആശുപത്രികളിൽ നടക്കുന്ന ഓരോ മസ്തിഷ്കമരണവും സർക്കാരിനെ അറിയിക്കേണ്ടതാണ്. സർക്കാർ മേഖലയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന പാനലാണ് ഓരോ മസ്തിഷ്കമരണവും സ്ഥിരീകരിക്കുന്നത്. ഈ പരിശോധനകൾ വീഡിയോയിൽ പകർത്തണമെന്ന് പോലും നിർദ്ദേശമുണ്ട്.ഇത്തരം നിയന്ത്രങ്ങളുടെ കാർക്കശ്യം മൂലവും,അസമയത്തും അവധിദിവസങ്ങളിലുമെല്ലാം പാനലിൽ ഡോക്ടർമാരെ ലഭ്യമാക്കുവാനുള്ള ബുദ്ധിമുട്ട് മൂലവും , മറ്റു സാങ്കേതിക പ്രശ്നങ്ങൾ മൂലവും ചില ആശുപത്രികളെങ്കിലും മസ്തിഷ്കമരണങ്ങൾ സർക്കാരിനെ അറിയിക്കാൻ മിനക്കെടാറില്ല.

കേരളത്തെ മൂന്നു മേഖലകളായി തിരിച്ചാണ് അവയവദാനം ക്രമീകരിച്ചിരിക്കുന്നത് സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ .അവയവം ലഭ്യമാകുന്ന സോണിലെ രോഗികൾക്കു മുൻഗണനയുണ്ട്. ഉദാഹരണത്തിന് സൗത്ത് സോണിലാണ് അവയവം ലഭ്യമാകുന്നതെങ്കിൽ അതേ സോണിൽ അവയവങ്ങൾക്കായി കാത്തിരിക്കുന്ന രോഗികൾക്കാണ് മുൻഗണ . ആ സോണിൽ രോഗികൾ ഇല്ലെങ്കിൽ മാത്രമേ മറ്റു സോണുകളിലുള്ള രോഗികൾക്ക് നൽകുകയുള്ളൂ. കേരളത്തിൽ ആ അവയവം വേണ്ട രോഗികൾ ഇല്ലെങ്കിൽ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് അവയവം കൊടുക്കാറുള്ളൂ. ഇതെല്ലാം കെ .എൻ. ഒ. എസിന്റെ പൂർണമായ നിയന്ത്രണത്തിലാണ്. മാത്രവുമല്ല രണ്ടു കിഡ്നികൾ ലഭ്യമായാൽ അതിലൊന്ന് നിർബന്ധമായും ഏതെങ്കിലും ഗവൺമെൻറ് സ്ഥാപനങ്ങളിലേക്ക് നൽകണം . രണ്ടും സ്വകാര്യ ആശുപത്രികളിലേക്ക് നൽകാനാകില്ല. ഇങ്ങനെ സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഒന്നാണ് കേരള മരണാനന്തര അവയവദാന സംവിധാനം.

എന്നാൽ ചില വ്യക്തികളും സംഘടനകളും ഇതൊന്നും മനസ്സിലാക്കാതെ മനപ്പൂർവ്വമെന്നോണം തെറ്റിദ്ധാരണകൾ പടർത്തി അവയവദാനങ്ങൾ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു വരുന്നു. ഇതിന്റെ തിക്തഫലം കേരളത്തിലെ ആരോഗ്യ മേഖല അനുഭവിക്കുകയും ചെയ്യുന്നുണ്ട്. 2016- 17 കാലഘട്ടത്തിൽ ഇന്ത്യയിൽതന്നെ ഏറ്റവുമധികം അവയവദാനം നടന്നിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. അക്കാലത്ത് വളരെ പുറകിലായിരുന്ന പല സംസ്ഥാനങ്ങളും മുന്നോട്ടു കുതിക്കുമ്പോൾ നാമിപ്പോൾ വളരെ പിന്നിലാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം അവയവദാനം നടക്കുന്ന സംസ്ഥാനമാണ് നമ്മുടെ തൊട്ടയല്പക്കമായ തമിഴ്നാട്.
സർക്കാർ മേഖലയിൽ നടക്കുന്ന അവയവദാന ശസ്ത്രക്രിയകളെ ഇകഴ്ത്തി കാണിക്കാനും ചില ആസൂത്രിതശ്രമങ്ങൾ നടക്കുന്നുണ്ട് .ഇന്ത്യയിലെന്നല്ല, ഒരുപക്ഷേ ലോകത്തിൽ തന്നെ ഏറ്റവും കോസ്റ്റ് എഫക്റ്റീവ് ആയി അവയവദാന ശസ്ത്രക്രിയകൾ നടക്കുന്ന സ്ഥലമാണ് കേരളം. ഇത്തരം ശസ്ത്രക്രിയകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്ന ചെലവിൽ സാധ്യമാക്കുന്നതിൽ നമ്മുടെ സർക്കാർ മേഖലയുടെ പങ്ക് വളരെ പ്രധാനമാണ്. ഇന്ന് എല്ലാവിധ പ്രധാനപ്പെട്ട അവയവമാറ്റ ശസ്ത്രക്രിയകളും -ഹൃദയം, കരൾ ,കിഡ്നി- സർക്കാർമേഖലയിൽ ലഭ്യമാണ്.

ഇന്ത്യയിൽ തന്നെ സർക്കാർ മേഖലയിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് ശേഷം ഏറ്റവും മികച്ച ഹൃദയമാറ്റ ശസ്ത്രക്രിയ സംവിധാനമുള്ളതു കോട്ടയം സർക്കാർ മെഡിക്കൽ കോളജിലാണ്. സർക്കാർ മേഖലയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിഭാഗം എങ്ങനെ ഒരുക്കാമെന്നുള്ള കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനായ ഡോക്ടർ ജയകുമാറിന്റെ പ്രെസെന്റഷൻ ഇന്ത്യ ഒട്ടാകെയുള്ള ഹൃദയ രോഗ വിദഗ്ധർ കാതുകൂർപ്പിച്ചു കേട്ടിരുന്നത് ഞാനിപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു. അപ്രതീക്ഷിതവും നിർഭാഗ്യകരവും സാമാന്യവൽക്കരിക്കാനൊട്ടും പറ്റാത്തതുമായ ഒരു സംഭവത്തെ സാമാന്യവൽക്കരിച്ചാൽ അത് നമ്മുടെ സർക്കാർ സംവിധാനത്തിൽ ഇത്രയും സങ്കീർണ്ണമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മനോധൈര്യം ചോർത്തും എന്നതിൽ യാതൊരു സംശയവുമില്ല.

Read Also: “വീഴ്ചയിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം?”; അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

പ്രസ്തുത സംഭവത്തിൽ മരണകാരണം അവയവം തുന്നിച്ചേർക്കാൻ താമസിച്ചതു കൊണ്ടാണ് എന്ന് പ്രചരണം ശാസ്ത്രീയമായി ശരിയാകാനിടയില്ല. ശസ്ത്രക്രിയയ്ക്ക് ഏതാനും മണിക്കൂറിനുള്ളിൽ രോഗി മരണപ്പെടുകയാണെങ്കിൽ പ്രധാനമായും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമോ ഓപ്പറേഷന്റെ സങ്കീർണത മൂലമോ ആകാനാണ് സാധ്യത. വച്ചുപിടിപ്പിച്ച അവയവം പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ തന്നെ ഡയാലിസിസ് മുതലായ സംവിധാനങ്ങളിലൂടെ രോഗിയുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കും. അവയവ മാറ്റ ശസ്‌ത്രക്രിയ പരാജയപ്പെടാനുള്ള പ്രധാന കാരണം റിജക്ഷൻ അഥവാ അവയവ തിരസ്കരണമാണ്. ഇതും ചികിത്സിക്കാൻ ധാരാളം മാർഗങ്ങൾ ഇന്ന് ലഭ്യമാണ്.

ഈ ഒറ്റപ്പെട്ട സംഭവത്തെ നാം ഒറ്റപ്പെട്ട സംഭവമായി മാത്രമേ കാണേണ്ടതുള്ളു. ഇതിനെ സാമാന്യവത്കരിച്ചു അവയവങ്ങൾക്കു വേണ്ടി മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന അനേകരെ നിരാശയിലാഴ്ത്തരുത്. അത്തരം പ്രചാരണങ്ങൾ ശാസ്ത്രബോധമുള്ള സമൂഹത്തിന് ഭൂഷണമല്ല. ഈ കുറിപ്പ് എഴുതുന്ന ഇന്നേദിവസം കേരളത്തിൽ ഏകദേശം രണ്ടായിരത്തോളം രോഗികൾ വൃക്കക്ക്‌ വേണ്ടി മാത്രമായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരാണ് എന്നു നാം മറക്കരുത്.
നമ്മിൽ അവശേഷിക്കുന്ന നന്മത്വത്തിന്റെ കണികകൾ കൈമോശം വരാതെ നമുക്ക് നോക്കാം.

Story Highlights: Dr. Jo Joseph Facebook post about Organ transplantation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here