കെമിസ്ട്രി മൂല്യനിർണ്ണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചു; കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

കെമിസ്ട്രി മൂല്യനിർണ്ണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാകില്ല. ഫലപ്രഖ്യാപനത്തിന് ശേഷം കർശന നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ മുഴുവൻ മൂല്യ നിർണ്ണയ ക്യാമ്പുകളിൽ നിന്നുമുള്ള പരാതി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയായിരുന്നു മൂല്യനിർണ്ണയത്തിന് കൊടുത്തത്. ഇതിൽ പ്രശ്നങ്ങളുള്ളത് കൊണ്ട് മുതിർന്ന അധ്യാപകർ ചേർന്നുള്ള സ്കീം ഫൈനലൈസേഷനിൽ ഉത്തരസൂചിക പുനക്രമീകരിച്ചിരുന്നു. അത് പക്ഷേ കുട്ടികൾക്ക് വാരിക്കോരി മാർക്കിടുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് തള്ളുകയിരുന്നു.
അക്കാര്യം മൂല്യനിർണ്ണയത്തിനെത്തിയവരെ അറിയിച്ചില്ല. ഇതോടെ അധ്യാപകർ ക്യാമ്പ് ബഹിഷ്ക്കരിച്ചു. അപ്പോഴൊക്കെ അനാവശ്യ സമരമെന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി പ്രതിഷേധം തള്ളുകയായിരുന്നു. ഇതിനിടെ സ്കീം ഫൈനലൈസേഷൻ നടത്തിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതോടെ പ്രതിഷേധം കനത്തു. ചോദ്യകർത്താവിന്‍റെ ഉത്തരസൂചിക ആധാരമാക്കിയാൽ 10 മുതൽ 20 വരെ മാർക്ക് കുട്ടികൾക്ക് നഷ്ടമാകുമെന്ന് അധ്യാപകരുടെ പരാതി ഉന്നയിച്ചു.
Read Also: പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം; അധ്യാപകരുടെ നടപടിയിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും
പിന്നീട് പ്ലസ്ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനമെത്തി. വിഷയത്തിൽ സർക്കാരിൻ്റെ പിടിവാശി പരാജയപ്പെട്ടെന്നും അധ്യാപകർക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നും അധ്യാപകരുടെ സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെടുകയായിരുന്നു.
Story Highlights: Minister V Sivankutty On Plus Two Chemistry Evaluation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here