‘രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ’; പാർട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു; പത്മജ വേണുഗോപാൽ

ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ ആയ രാഹുൽ ഗാന്ധിയെ നാല് ദിവസം ആയി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഒരു കൃത്രിമവും കാണാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ഇഡിക്ക് ലഭിക്കുമെന്ന് പത്മജ വേണുഗോപാൽ ചൂണ്ടിക്കാട്ടി.(padmaja venugopal supports rahul gandhi)
നാഷണൽ ഹെറാൾഡ് സാമ്പത്തികമായി തകർച്ചയെ നേരിട്ടപ്പോൾ അതിന്റ തുടർ നടത്തിപ്പ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി ഏറ്റെടുത്തു. കോൺഗ്രസുകാർക്ക് ആർക്കും ഇതിൽ പരാതിയില്ല. അഞ്ചാം ദിവസം വീണ്ടും ഇന്ന് ചോദ്യം ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. പരാതിക്കാരൻ ബിജെപിക്കാരൻ ആയ സുബ്രഹ്മണ്യൻ സ്വാമിയാണെന്നും പത്മജ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി ‘നോട്ട് ഫോർ പ്രോഫിറ്റ്’ വിഭാഗം ആയ കമ്പനി ആണ്.അതായത് ഈ കമ്പനി ഉടമകൾക്ക് ഇതിൽ നിന്ന് ലാഭം എടുക്കാൻ കഴിയില്ല. ഇവർക്ക് ഇത് വിൽക്കാനും കഴിയില്ല എന്നതാണ് നിയമം. ചുരുക്കി പറഞ്ഞാൽ സോണിയയും രാഹുലും പാർട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു. ഇപ്പോൾ വീണ്ടും ഈ കേസ് കോൺഗ്രസിനെ തകർക്കാൻ മോദി സർക്കാർ ആയുധമാക്കുന്നു.
കാരണം മോദിയുടെ ദുർഭരണത്തിനെതിരെ ധീരമായി പോരാടുന്ന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നരേന്ദ്ര മോദിയും ബിജെപിയും ഭയപ്പെടുകയാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ള നരേന്ദ്ര മോദിയുടെയും കൂട്ടാളികളുടെയും ഈ പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നേരിടുമെന്നും പത്മജ കൂട്ടിച്ചേർത്തു.
Story Highlights: padmaja venugopal supports rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here