അഗ്നിപഥ് പദ്ധതി; സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും.
അഗ്നിപഥ് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴും ആദ്യഘട്ട റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഇന്ത്യൻ കരസേന പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ റിക്രൂട്ട്‌മെന്റ് റാലികൾക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ മുതൽ ആരംഭിക്കുമെന്നും കരസേന അറിയിച്ചു.
അതേസമയം റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ നല്കുമെന്നും അനില്‍ പുരി അറിയിച്ചു. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഇവ പ്രധാന വിഷയമായി ഉണ്ടാകും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കും. അഗ്നിവീര്‍ ആദ്യ ബാച്ചിന് നിശ്ചിത ഉയര്‍ന്ന പ്രായപരിധിക്കപ്പുറം 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
എല്ലാ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ സിവിലിയന്‍ പോസ്റ്റുകളിലും അഗ്നിവീറിന് 10 ശതമാനം ക്വാട്ട പ്രഖ്യാപിച്ചിട്ടുണ്ട്. വിമുക്തഭടന്മാര്‍ക്കുള്ള നിലവിലെ സംവരണത്തിന് പുറമേയാണിത്.
Read Also: അഗ്നിപഥ് പദ്ധതി: സ്വന്തം സായുധ കേഡര്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി
ആദ്യ വര്‍ഷം 32,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും. അതേസമയം വിരമിച്ച ശേഷം വിമുക്ത ഭടന്മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകില്ല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.
Story Highlights: PM Modi To Meet Defence Chiefs Today Amid Stir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here