സ്വർണക്കടത്ത് കേസിൽ സ്വപ്നയെ ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യൽ നാളെയും തുടരും

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആണ് സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇഡിയുടെ മുന്നില്‍ ഹാജരായത്. അഭിഭാഷകനെ കണ്ടശേഷമാണ് സ്വപ്ന ഇഡിയുടെ ഓഫീസിലെത്തിയത്. സ്വപ്ന കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തന്‍റെ കൈവശമുള്ള തെളിവുകളും ഇഡിക്ക് കൈമാറും എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച സ്വപ്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു.
Read Also: സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷ് ഇന്ന് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകും
ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത് കൊണ്ടാണ് ഇന്ന് നേരത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതെന്ന് സ്വപ്ന പറഞ്ഞു. അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്നയും സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യമൊഴി ഇ ഡി ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു.ഈ മൊഴി കൂടി ലഭിച്ചാൽ സ്വപ്നയുടെ പുതിയ മൊഴിയുമായി ആയി ഇവ താരതമ്യപ്പെടുത്തിയാവും അന്വേഷണസംഘത്തിന്റെ തുടർ നീക്കങ്ങൾ.
Story Highlights: E D Questioning Swapna Suresh in Gold Smuggling Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here