ആര്‍എസ്എസുമായി വേദി പങ്കിടല്‍; കെഎന്‍എ ഖാദറിനോട് വിശദീകരണം തേടി മുസ്ലിംലീഗ്

ആര്‍എസ്എസുമായി വേദി പങ്കിട്ടതിന് കെഎന്‍എ ഖാദറിനോട് വിശദീകരണം തേടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. സംഭവത്തില്‍ മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ ഖാദര്‍ വിശദീകരണം നല്‍കണമെന്ന് പി എം എ സലാം അറിയിച്ചു.(muslim league asks explanation from kna khader)
കോഴിക്കോട് കേസരിയില്‍ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. കെ.എന്‍.എ.ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ.എന്‍.എ.ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എന്‍.എ.ഖാദറിന്റെയും പ്രസംഗം.
വിഷയത്തില്‍ മുസ്ലിംലീഗ് കടുത്ത അതൃപ്തിയിലാണ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ മുനീര്‍ തുറന്നടിച്ചു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി.മായിന്‍ ഹാജി ട്വന്റിഫോറിനോട് പറഞ്ഞു. കെ.എന്‍.എ ഖാദറിന് പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങോട് പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണമെന്നും ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ലെന്നും വ്യക്തമാക്കി.
Read Also: കെ.എന്‍.എ ഖാദറിന് പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍
അതേസമയം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കെ.എന്‍.എ ഖാദര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. വിഡിയോ നോക്കി വിശദീകരണം തൃപ്തികരണമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights: muslim league asks explanation from kna khader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here