അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗം ഇന്ന്

അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗം ഇന്നു നടക്കും. രാവിലെ പത്തു മണിയ്ക്ക് ചെന്നൈ വാനഗരത്താണ് യോഗം ചേരുക. യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പാർട്ടി കോ-ഓർഡിനേറ്റർ ഒ പനീർശെൽവം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കൂടാതെ, യോഗത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാമെന്നും പാർട്ടി ബൈലോയിൽ ഭേദഗതികൾ വരുത്താമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം കാര്യങ്ങളിൽ കോടതി ഇടപെടുന്നില്ലെന്നും ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി നിരീക്ഷിച്ചു. (aiadmk general council meeting)
ഇരുപക്ഷത്തുമായി നിലയുറപ്പിച്ചിട്ടുള്ള അണ്ണാ ഡിഎംകെ അണികൾ എടപ്പാടി പഴനി സാമിയ്ക്ക് അനുകൂല നിലപാടാണ് നിലവിൽ എടുത്തിട്ടുള്ളത്. 2625 പേരാണ് ജനറൽ കൗൺസിൽ അംഗങ്ങൾ. ഇതിൽ 2505 പേരും ഇപിഎസിന് അനുകൂലമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലായിരുന്നു യോഗം മാറ്റണമെന്നും നേരത്തെ തയ്യാറാക്കിയ അജൻഡയിലെ 23 വിഷയങ്ങൾ മാത്രമെ ചർച്ച ചെയ്യാവു എന്ന ആവശ്യവുമായി ഒപിഎസ് കോടതിയെ സമീപിച്ചത്. പനീർശെൽവം യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
കോ-ഓർഡിനേറ്റർ, ജോയിൻ്റ് കോ-ഓർഡിനേറ്റർ മാതൃകയിൽ പാർട്ടിയുടെ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ 2017 ലാണ് ജനറൽ കൗൺസിൽ തീരുമാനിച്ചത്. ഈ തീരുമാനത്തിൽ ഭേദഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒറ്റ നേതൃത്വം എന്ന നിലയിൽ ഭേദഗതി വന്നാൽ, ഒപിഎസിന് പാർട്ടിയിൽ സ്ഥാനങ്ങൾ ഇല്ലാതാകും.
Story Highlights: aiadmk general council meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here