Advertisement

‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’;വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം

June 23, 2022
2 minutes Read

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നായി പരിശോധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.(highcourt opinion on vijay babu case)

Read Also: കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്

തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഒരോ കേസിനും അതിന്റേതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങള്‍ കണക്കിലെടുക്കണമെന്നും കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണമെന്നും അതിനാലാണ് ഒരോ കേസിനെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി.

കോടതി ചൂണ്ടിക്കാണിച്ച പ്രധാന വിഷയങ്ങള്‍

വിജയ് ബാബു വിവാഹിതനാണെന്നും ഒരു കുഞ്ഞുള്ള കാര്യം കണക്കിലെടുത്ത് അതില്‍ നിന്നും മാറാനിടയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു. വിവാഹിതനായതിനാല്‍ നിയമ പ്രകാരം മറ്റൊരു വിവാഹം സാധ്യമല്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു.ലൈംഗികമായി അതിക്രമിച്ചെന്ന് പറയുന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ പരാതിക്കാരി ഏതെങ്കിലും തരത്തില്‍ തടവിലായിരുന്നില്ല. വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും നിരന്തരമായി സന്ദേശമയച്ചിരുന്നു. ഇര എല്ലാ സന്ദേശങ്ങളും മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മായ്ച്ച് കളഞ്ഞ വാട്‌സ്ആപ്പ്. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍ ഇതിലൂടെ തിരിച്ചെടുക്കും.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ മൊബൈലില്‍ നടത്തിയ ആശയ വിനിമയത്തില്‍ എവിടെയും ലൈംഗികാതിക്രമത്തെക്കുറിച്ച് പറയുന്നില്ല.ഹര്‍ജിക്കാരന്റെ പുതിയ സിനിമയില്‍ താനല്ല നായികയെന്ന് ഇര അറിയുന്നത് ഏപ്രില്‍ 15ാം തിയതിയാണ്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 17 ന് ഇര വിജയ് ബാബുവിനോട് ദേഷ്യപ്പെട്ടിരുന്നു. വിജയ് ബാബുവിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനം, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ച് 2018 ല്‍ പരാതി നല്‍കിയിരുന്നെന്ന് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്ത് കൊണ്ട് വാദിച്ചു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പരാതി പിന്‍വലിക്കുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.

Story Highlights: highcourt opinion on vijay babu case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top