ഹമാസിനെ വിമർശിക്കുന്ന പലസ്തീനികളുടെ പേടിസ്വപ്നം; ക്രൂരൻ, കൂർമ്മ ബുദ്ധിക്കാരൻ യഹിയ സിൻവർ

യെഹിയ സിൻവർ, ഇസ്രയേലിനും പലസ്തീൻ ജനതയ്ക്കും പേടിസ്വപ്നമാണ് ആ പേര്. ഹമാസിൻ്റെ ഗാസയിലെ തലവനായ ഇദ്ദേഹം ഹമാസിൻ്റെ സമുന്നതനായ നേതാവല്ലെങ്കിൽ കൂടിയും അതിൻ്റെ നിയന്ത്രണം കൈയ്യാളുന്നുണ്ടെന്ന് ഉറപ്പ്. ഒക്ടോബർ ആക്രമണത്തിന് ശേഷം ഇസ്രയേൽ അരിച്ചുപെറുക്കിയിട്ടും ഏഴ് മാസങ്ങൾക്കിപ്പുറവും സിൻവറിൻ്റെ പൊടിപോലും കണ്ടെത്താനായിട്ടില്ല. ഭൂമിക്കുള്ളിലെ രഹസ്യ അറകളിലൊന്നിൽ എവിടെയോ അയാളിരിപ്പുണ്ടെന്നാണ് എല്ലാ നയതന്ത്ര വിഭാഗങ്ങളും കരുതുന്നത്.
ഇസ്രയേൽ സ്വന്തം മണ്ണിൽ നിന്ന് ആട്ടിപ്പായിച്ച ഒരു പലസ്തീൻ കുടുംബത്തിൽ 1962 ലാണ് യെഹിയ സിൻവർ പിറന്നുവീണത്. ഈ ശപിക്കപ്പെട്ട ഭൂഭാഗത്ത് പിറന്നുവീഴുന്ന മറ്റേതൊരു കുഞ്ഞിനുമെന്നതുപോലെ ഇസ്രയേലിനെതിരായ പകയായിരുന്നു സിൻവറിനെയും നയിച്ചത്. കടുത്ത ദേശീയവാദിയായ അദ്ദേഹം ഹമാസിൽ ആകൃഷ്ടനാവുകയും 18ാം വയസിൽ അതിൻ്റെ ഭാഗമാവുകയും ചെയ്തു. ഒൻപത് വർഷത്തോളം നീണ്ട ആദ്യ ഹമാസ് കാലം സിൻവർ എത്രത്തോളം അപകടകാരിയാണെന്ന് പലസ്തീനികൾ തിരിച്ചറിഞ്ഞ കാലമായിരുന്നു. ഇസ്രയേലിനോട് പകരം വീട്ടണമെന്നും ഇസ്രയേലിനെ തകർക്കണമെന്നും ജീവിത ലക്ഷ്യമായി കണ്ട് മുന്നോട്ട് പോയ സിൻവറിന്, ഹമാസിനെ എതിർത്ത പലസ്തീനികൾ ശത്രുസമന്മാരായിരുന്നു. ഇസ്രയേലികളുമായി ബന്ധം പുലർത്തിയവരെയെല്ലാം അയാളുടെ രോഷത്തിന് ഇരകളായി.
1989 ലാണ് ഇസ്രയേലി സൈന്യം ഇയാളെ പിടികൂടുന്നത്. ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ച പലസ്തീനികളെ കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റം. വിചാരണക്കോടതി അയാൾക്ക് തടവുശിക്ഷ വിധിച്ചു. നീണ്ട 22 വർഷം സിൻവർ ഇസ്രയേലിൽ ജെയിലിലായിരുന്നു. 2011 ൽ ഹമാസ് ഇസ്രയേലി സൈനികനെ പിടികൂടി വിലപേശി. ആയിരം പലസ്തീനികളെ തടവറകളിൽ നിന്ന് ഇസ്രയേൽ മോചിപ്പിച്ചു. അതോടെയാണ് സിൻവർ വീണ്ടും യുദ്ധമുഖത്തേക്ക് എത്തുന്നത്.
ഹമാസിൽ അയാൾക്ക് ഉയർന്ന സ്ഥാനം തന്നെ ലഭിച്ചു. അധികം വൈകാതെ ഗാസ മുനമ്പിലെ ഹമാസിൻ്റെ തലവനുമായി. അതോടെ പലസ്തീനിലെ സാധാരണക്കാർക്ക് അതൊരു നെഞ്ചിടിപ്പായി. ജനറൽ സെക്യൂരിറ്റി സർവീസ് എന്ന പേരിൽ ഒരു യൂണിറ്റുണ്ടാക്കിയ സിൻവർ ഗാസയിലെ ചെറുപ്പക്കാരെയും മാധ്യമപ്രവർത്തകരെയും സർക്കാരിനെ വിമർശിക്കുന്നവരെയും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഹമാസിനെ വിമർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയുടെയും വിശദ വിവരങ്ങൾ അടങ്ങിയ ഫയൽ ഇവർ തയ്യാറാക്കി. വിവാഹ പൂർവ ബന്ധങ്ങളുണ്ടോയെന്ന് അറിയാനായി ഇവർ ആളുകളെ പിന്തുടർന്നു.
ഗസയിൽ അതൃപ്തിയുടെ ഒരു ശബ്ദം പോലും ഉയരരുതെന്ന ശാഠ്യമായിരുന്നു സിൻവറിന്. ജനറൽ സെക്യൂരിറ്റി സർവീസ് അംഗങ്ങൾ സദാചാര മൂല്യങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകരെയും വ്യക്തികളെയും വേട്ടയാടി. ഒരു വശത്ത് എല്ലാ വഴികളും അടച്ച് ഉപരോധിക്കുന്ന ഇസ്രയേലും നിരന്തര നിരീക്ഷണവുമായി റോന്ത് ചുറ്റുന്ന ഹമാസ് ഏജൻ്റുമാർ മറുവശത്തും. പലസ്തീനിലെ സാധാരണക്കാരായ മനുഷ്യരെ സംബന്ധിച്ച് ചെകുത്താനും കടലിനും നടുക്കായ സ്ഥിതിയാണ്.
ഒക്ടോബർ ഏഴിൻ്റെ ആക്രമണത്തിന് ശേഷം ഇസ്രയേലി സൈന്യം ഹമാസ് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ഇത്തരത്തിൽ വ്യക്തികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അതീവ രഹസ്യ സ്വഭാവമുള്ള നിരവധി ഫയലുകൾ കണ്ടെത്തിയിരുന്നു. ഗസയിലെ ഹമാസ് കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ 62 പജുള്ള സ്ലൈഡ് ഷോ ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ്, അതിന്ന് ഇസ്രയേൽ സൈന്യത്തിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പക്കലാണ് ഉള്ളത്.
2016 ഒക്ടോബറിനും 2023 ഓഗസ്റ്റിനും ഇടയിൽ തയ്യാറാക്കിയ ഈ പട്ടികയിൽ ഹമാസ് വിരോധികളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പലസ്തീനിലെ 10000 പേരുടെ വിവരങ്ങൾ ഈ ഫയലുകളിലുണ്ടെന്നാണ് ഇസ്രയേൽ മിലിറ്ററി ഇൻ്റലിജൻസിൻ്റെ വാദം. ഇതിലെ ഏഴ് ഫയലുകൾ ടൈംസ് മാഗസിന് ഇസ്രയേലിലെ മിലിറ്ററി ഇൻ്റലിജൻസ് കൈമാറുകയും അവർ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
Read Also: പലസ്തീനികളെ കൊന്ന് വളർന്ന ഹമാസ് നേതാവ്, ഇസ്രായേലിന്റെ ദുഃസ്വപ്നം
തുടക്കത്തിൽ ഹമാസ് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നു ജനറൽ സെക്യൂരിറ്റി സർവീസ്. എന്നാൽ സർക്കാർ സംവിധാനമെന്ന നിലയിൽ തന്നെയായിരുന്നു അതിൻ്റെ പ്രവർത്തനം. ഗാസയിലെ അതിശക്തമായ മൂന്ന് ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിൽ ഒന്നാണ് ജനറൽ സെക്യൂരിറ്റി സർവീസ്. മിലിറ്ററി ഇൻ്റലിജൻസ്, ഇൻ്റേണൽ സെക്യൂരിറ്റി സർവീസ് എന്നിവരായിരുന്നു മറ്റുള്ളവർ.
ജനറൽ സെക്യൂരിറ്റി സർവീസിൻ്റെ പ്രതിമാസ ചെലവ് 120000 ഡോളറായിരുന്നു. അതും ഇസ്രയേലുമായുള്ള യുദ്ധത്തിന് മുൻപ്. ആകെ 856 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 160 ഓളം പേർ ഹമാസിൻ്റെ അജണ്ടകൾ പ്രചരിപ്പിക്കാനും എതിരാളികൾക്കെതിരെ പലസ്‌തീന് അകത്തും പുറത്തും സൈബർ ആക്രമണം നടത്താൻ നിയോഗിക്കപ്പെട്ടവരുമായിരുന്നു. യെഹിയ സിൻവർ നേരിട്ടാണ് ജനറൽ സെക്യൂരിറ്റി സർവീസിൻ്റെ കാര്യങ്ങൾ നിയന്ത്രിച്ചതെന്ന് ഇസ്രയേലി സൈനിക രഹസ്യാന്വേഷണ വിഭാഗം കുറ്റപ്പെടുത്തുന്നു.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ അതിർത്തിക്ക് അകത്ത് കടന്നുകയറി നടത്തിയ ആക്രമണവും സിൻവറിൻ്റെ ബുദ്ധിയിൽ നിന്നെന്നാണെന്ന് ഇസ്രേയേൽ കരുതുന്നു. ഒരേ സമയം അതിക്രൂരനായ തീവ്ര നിലപാടുകാരനും കൗശലക്കാരനായ രാഷ്ട്രീയക്കാരനും കൂർമ്മ ബുദ്ധിയുള്ള നയതന്ത്രജ്ഞനുമായി ഇടപെടാനുള്ള കഴിവാണ് തൻ്റെ സമകാലികരിൽ വെച്ച് ഏറ്റലും ഉയർന്ന സ്ഥാനത്ത് സിൻവറിനെ കൊണ്ടെത്തിച്ചത്.
സിൻവറിന്റെ മരണമാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെങ്കിലും ബന്ദികളെ മോചിപ്പിക്കാൻ അയാളോട് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തേണ്ട ദുരവസ്ഥയിലാണ് ഇസ്രയേൽ ഭരണകൂടം. ഗസയിൽ തന്നെ ഏതോ തുരങ്കത്തിൽ സിൻവറുണ്ട്. അവിടെയിരുന്ന് കൊണ്ട് ഹമാസും ഇസ്രയേലും തമ്മിൽ ഈജിപ്തിലും ഖത്തറിലും നടക്കുന്ന സമവായ ചർച്ചകളുടെ ഗതി തിരിക്കുന്നത് സിൻവറാണ്. ഈ സിൻവറിനെയാണ് ഇസ്രയേലിന് വേണ്ടത്, അയാളെ ഇസ്രയേലിന് കിട്ടിയെങ്കിൽ ആശ്വാസം കണ്ടെത്തുന്ന പലസ്തീനികളും ഗസയിലുണ്ടാകും. പക്ഷെ എന്ത് വില കൊടുത്തും ഇസ്രയേലിനെ തകർക്കുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തി മുന്നോട്ട് പോകുന്ന സിൻവറിൻ്റെ കൈപ്പിടിയിലാണ് മധ്യേഷ്യയുടെ ഇനിയുള്ള ഭാവിയെന്ന വിലയിരുത്തലിലും അതിശയോക്തിയില്ല.
Story Highlights : Sinwar a nightmare for Palestine people who oppose Hamas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here