നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചർച്ചയാകും

സംസ്ഥാനത്ത് സിപിഐഎം – കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും അറസ്റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം. ( kerala Assembly session begins tomorrow )
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകർ ജീവനക്കാരൻ അഗസ്റ്റിനെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ രാഹുൽഗാന്ധിക്ക് സമർപ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാർ മാതൃകയിൽ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോൾ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്നും കോൺഗ്രസ്ചൂണ്ടിക്കാട്ടുന്നു.
വയനാട് നടന്ന വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച സംഭവം ഇടതുപക്ഷം ചർച്ചയാക്കിയേക്കും. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടന്ന ശേഷം ഓൺലൈനിൽ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് വിഡി സതീശൻ പൊട്ടിത്തെറിച്ചത്.
Read Also: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു
‘ ഇതുപോലുള്ള സാധനങ്ങൾ കൈയ്യിൽ വെച്ചാൽമതി. ഇത്തരം ചോദ്യങ്ങൾ പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി. എന്നോട് ചോദിക്കേണ്ട. അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നൽകുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കിൽ ഞാൻ പുറത്തിറക്കിവിടും’. ഇങ്ങനെ രൂക്ഷമായ ഭാഷയിലാണ് വിഡി സതീശൻ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടിൽ എസ്എഫ്ഐ നടപ്പാക്കിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറായത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പ്രകടനം തുടങ്ങിയതെന്നും, വാഴയുമായി പ്രകടനത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് പൂർണമായും പൊലീസിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നും സതീശൻ ആരോപിച്ചു.
ഇന്നലെ ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖടക്കമുള്ള കോൺഗ്രസ് നേതാക്കളും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ടി. സിദ്ദിഖ് പാഞ്ഞടുത്തു. പോയി ക്രിമിനലുകൾക്ക് പ്രൊട്ടക്ഷൻ കൊടുക്ക്, ഞങ്ങൾക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ടെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു.
Story Highlights: kerala Assembly session begins tomorrow; Rahul Gandhi’s office attack will be discussed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here