Advertisement

സഭാ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് അതീവ ഗൗരവമുള്ള നടപടി; മാധ്യമപ്രവർത്തകർ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത് അപലപനീയമെന്ന് സ്പീക്കർ

June 28, 2022
Google News 3 minutes Read
niyamasabha footage serious Speaker

സഭയിലെ നടപടികളുടെ ദൃശ്യങ്ങൾ പ്രതിപക്ഷ അംഗങ്ങളിൽ ചിലർ മൊബൈൽ ഫോണിലൂടെ പകർത്തിയത് അതീവ ഗൗരവമുള്ള നടപടിയാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. സഭയിലെ ദൃശ്യങ്ങൾ സാമാജികർ പകർത്തി നൽകുന്നത് സഭയോടുള്ള അവഹേളനമാണ്. മീഡിയ ​​​ഗ്യാലറിയിലിരുന്നു മാധ്യമപ്രവർത്തകരും വിഡീയ ചിത്രീകരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടത് അപലപനീയമാണ്. ഭാവിയിൽ ഇത്തരം പ്രവർത്തനം ഉണ്ടായാൽ അവകാശലംഘനത്തിനു നടപടിയെടുക്കുമെന്നും സ്പീക്കർ പറഞ്ഞു ( niyamasabha footage serious Speaker ).

സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കിയിരിക്കുന്നു എന്ന തരത്തിലുള്ള തെറ്റായ ഒരു വാർത്ത ആസൂത്രിതമായി ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ വിശദമായ അന്വേഷണം നടത്തുകയുണ്ടായി. സമീപകാലത്ത് നിയമസഭാ പരിസരത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സഭാ മന്ദിരത്തിൽ പ്രവേശിക്കുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ എല്ലാവരുടേയും പാസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന കർശന നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റേയും ഓഫിസുകളിലേക്കുള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനത്തിന്റെ കാര്യത്തിൽ സംഭവിച്ച ചില ഇടപെടലുകളുടേയും ഫലമായിട്ടാണ് ഇത്തരത്തിൽ പെരുപ്പിച്ച നിലയിൽ ഒരു വാർത്ത പ്രചരിക്കാനിടയായത്. നിയമസഭാ മന്ദിരത്തിലെ മീഡിയാ റൂം ഒഴികെയുള്ള സ്ഥലങ്ങളിൽ വീഡിയോ ചിത്രീകരണത്തിന് നിബന്ധനകളോടെ മാത്രമേ നേരത്തേയും അനുമതി നൽകാറുള്ളൂ എന്നതാണ് വസ്തുത. ഈ വസ്തുത തമസ്കരിക്കുന്നതായിരുന്നു മാധ്യമവാർത്തകൾ. വിഡിയോ ക്യാമറ കൂടാതെയും അംഗീകൃത പ്രസ് പാസ് പ്രദർശിപ്പിച്ചുകൊണ്ടും മാധ്യമ പ്രവർത്തകർക്ക് നിയമസഭാ മന്ദിരത്തിനുള്ളിലെ ഏതൊരു ഭാഗത്തേക്കും പ്രവേശിക്കുന്നതിന് നിലവിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.

തിങ്കളാഴ്ച സഭാ ടി.വി. വഴി സംപ്രേഷണം ചെയ്ത നിയമസഭാ നടപടികളിൽനിന്നും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മനപ്പൂർവ്വം ഒഴിവാക്കി എന്ന നിലയിൽ വിവിധ മാധ്യമങ്ങളിൽ വാർത്ത വന്നതിനു പുറമെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.സി വിഷ്ണുനാഥ് പ്രത്യേക പരാതിയും നൽകിയിരുന്നു. ഇക്കാര്യവും പരിശോധിക്കുകയുണ്ടായി. സഭാ ചട്ടപ്രകാരമുള്ള രേഖ പ്രകാരം സഭാനടപടികൾ അനുസരിച്ച് ആർക്കാണോ സംസാരിക്കുവാൻ അവസരം ലഭ്യമായിരിക്കുന്നത് അവരുടെ ദൃശ്യങ്ങൾ മാത്രമേ ആ ആവസരത്തിൽ ടെലികാസ്റ്റ് ചെയ്യാൻ പാടുള്ളൂ. ഇവിടെ പരാമർശവിധേയമായ ഇന്നലത്തെ ചോദ്യോത്തരവേളയിലേക്ക് കടന്നപ്പോൾ എം.മുകേഷിന്റെ ചോദ്യത്തിന് മറുപടി നൽകാൻ തദ്ദേശ വകുപ്പുമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം മറുപടി പറയാൻ എഴുന്നേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ മാത്രം സംപ്രേഷണം ചെയ്തത്. പ്രതിപക്ഷ നിരയിൽ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ള ക്രമമില്ലായ്മ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ആ ദൃശ്യങ്ങളൊന്നും ടെലികാസ്റ്റ് ചെയ്യാതിരുന്നത്. ഭരണപക്ഷത്തുനിന്നുള്ള പ്രതിഷേധ ദൃശ്യങ്ങളും സംപ്രേഷണം ചെയ്തിരുന്നില്ല എന്നത് വസ്തുതയാണ്. ഏത് പക്ഷം എന്നു നോക്കിയല്ല, സഭാനടപടികളനുസരിച്ചാണ് സംപ്രേഷണം. ഇത് തികച്ചും 2002 –ലെ മാർ​ഗ നിർദ്ദേശങ്ങളുടെ ഭാഗമായിട്ടു കൂടിയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

Read Also: ‘മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് പിന്നീട് എത്തിച്ചു’; ബാഗേജ് വിഷയത്തില്‍ എം.ശിവശങ്കറിന്റെ മൊഴിപുറത്ത്

സഭാ ദൃശ്യങ്ങൾ വളരെ വ്യാപകമായി ദുർവിനിയോഗം ചെയ്യുന്നുവെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നിരവധി അംഗങ്ങൾ സ്പീക്കറോട് പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സഭാ നടപടികളുടെ സംപ്രേഷണവുമായി ബന്ധപ്പട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

സഭാംഗങ്ങളുടെ ഭാഗത്തുനിന്നു മാത്രമല്ല മീഡിയാ ഗാലറിയിലിരുന്ന ചില മാധ്യമ പ്രവർത്തകരും മൊബൈൽ ഫോണിലൂടെ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകിയതായിട്ടാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇതു രണ്ടും ചെയ്തതായി ഇന്ന് ചില വാർത്താമാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇത് അതീവ ഗൗരവമുള്ള നടപടിയാണ്.

ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെങ്കിൽക്കൂടി സഭാ ഹാളിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി, അതു സഭ സമ്മേളിക്കുമ്പോഴാണെങ്കിലും അല്ലെങ്കിലും, ദൃശ്യമാധ്യമങ്ങൾക്കു നൽകുന്നത് സഭയോടുള്ള അവഹേളനമാണ്. മാധ്യമ പ്രവർത്തകർ കൂടി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നത് അങ്ങേയറ്റം അപലപനീയമായ ഒരു കാര്യമാണ്. മാധ്യമ പ്രവർത്തകരിൽ ചിലർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഈ വിധത്തിൽ ഒരു വശത്ത് ദുരുപയോഗിക്കുകയും മറുവശത്ത് സഭാ ചട്ട പ്രകാരമുള്ള നടപടികളെ വിലക്കായി ചിത്രീകരിക്കുകയും ചെയ്യുന്നത് സത്യാനന്തര പ്രചരണ രീതിയാണ്. മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാൻ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

ഭാവിയിൽ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവർക്കെതിരേ അവകാശലംഘനത്തിനുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളും. മാധ്യമങ്ങൾ അവരുടെ സ്വതന്ത്ര്യം ഉത്തരവാദിത്തത്തോടെയും നീതിപൂർവകമായും വിനിയോഗിക്കുന്നതിന് ഒരു തടസവും കേരളനിയമസഭയിൽ ഉണ്ടായിരിക്കില്ല. ജനാധിപത്യപരമായ സംവാദങ്ങൾക്കു വേദിയാകേണ്ട സഭാതലവും അതിനായി വിനിയോഗിക്കപ്പെടേണ്ട വിലയേറിയ സമയവും വേണ്ടവിധം വിനിയോഗിക്കാൻ അംഗങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ള എല്ലാവരുടേയും പിന്തുണ വേണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.

Story Highlights: Copying niyamasabha footage over the phone is a very serious act; Speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here