ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. ( Arya Rajendran’s Facebook post against minority Communalism )
” രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്‌ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകൾ ചെയ്യുന്നത്. പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗ്ഗീയ ശക്തികളുടെ വാളുകളിൽ നിന്ന് മത നിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും നാടിന്റെ ബഹുസ്വരത തകർക്കുകയും ചെയ്യുന്ന വർഗ്ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണം. ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ ഡി വൈ എഫ് ഐ അതിശക്തമായി അപലപിക്കുന്നു”. – ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also: പാളയം മാർക്കറ്റിന്റെ അവസ്ഥ കണ്ടോ? ശുചീകരണത്തിന് നേരിട്ടെത്തി മേയർ ആര്യ രാജേന്ദ്രൻ
ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം തുടരും. തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.
Story Highlights: Arya Rajendran’s Facebook post against minority Communalism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here