ഉദ്ധവ് താക്കറെ രാജിവച്ചു

മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. തൻ്റെ ഫേസ്ബുക്ക് പേജിൽ, ലൈവിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തൻ്റെ എംഎൽസി അംഗത്വവും അദ്ദേഹം രാജിവച്ചു.
താക്കറെ കുടുംബത്തിൽ നിന്ന് സർക്കാരിൻ്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസർക്കാർ നിലംപതിച്ചു. ബദൽ സർക്കാർ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്. നിലവിൽ മുംബൈയിലെ താജ് ഹോട്ടലിൽ എംഎൽഎമാരുമായി ദേവേന്ദ്ര ഫഡ്നാവിസ് ചർച്ച നടത്തുകയാണ്. അദ്ദേഹം ഉടൻ തന്നെ ഗവർണറെ കാണുമെന്ന് റിപ്പോർട്ടുണ്ട്.
വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. ഇതോടെയാണ് താക്കറെ രാജി അറിയിച്ചത്.
വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തീരുമാനം എതിരായാല്‍ രാജി വയ്ക്കുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് വൈകാരികമായായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. രണ്ടര വര്‍ഷത്തിനിടെ എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസും എന്‍സിപിയും തന്നെ ഏറെ സഹായിച്ചപ്പോള്‍ വിമതര്‍ തന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: uddhav thackeray resigned maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here