Advertisement

മഹാനാടകത്തില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്‌നാവിസല്ല, ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും

June 30, 2022
Google News 3 minutes Read

മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. (Eknath Shinde to be new Maharashtra CM, says Devendra Fadnavis)

ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഷിന്‍ഡെ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

1980 മുതല്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ് ഏക്‌നാഥ് ഷിന്‍ഡെ. 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഷിന്‍ഡെയ്ക്ക് ബിജെപി മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിമത നീക്കം നടന്നതെന്നുമുള്ള ആരോപണത്തിന് ഇന്ന് നടന്ന നാടകീയ നീക്കങ്ങള്‍ കൂടുതല്‍ ബലം നല്‍കുകയാണ്. രാഷ്ട്രീയ തന്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദേവേന്ദ്ര ഫഡ്‌നാവിസാണെന്നും ഉറപ്പാകുകയാണ്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ പലവട്ടം ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മാത്രം ഇരുന്ന് ഒഴിയേണ്ടി വന്ന മുഖ്യമന്ത്രി കസേര ഫഡ്‌നാവിസ് ഷിന്‍ഡെയ്ക്ക് വച്ചുനീട്ടുന്നതെന്ന് ഉറപ്പാകുകയാണ്.

Story Highlights:  Eknath Shinde to be new Maharashtra CM, says Devendra Fadnavis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here