ഇവർ ഇസ്ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

രാജസ്ഥാനിലെ ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജസ്ഥാൻ പൊലീസ് ഉടൻ പ്രതികളെ പിടികൂടിയെങ്കിലും, ഇവരെ അധികകാലം തീറ്റിപ്പോറ്റാതെ പരമാവധി ശിക്ഷ പെട്ടെന്ന് തന്നെ നടപ്പിലാക്കാൻ രാജ്യത്തെ നിയമകൂടത്തിന് കഴിയണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Udaipur murder; Rahul Mamkootathil’s facebook post against Islamist extremists )
ഒരാളെ നിഷ്ഠൂരം കൊല്ലുക, അത് വലിയ അഭിമാനമെന്നോണം വിഡിയോ ചിത്രീകരിക്കുക. ഇത് ഭീകരവാദമാണ്. ഇവർ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്. രാജസ്ഥാൻ പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലിൽ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ അധികകാലം തീറ്റിപോറ്റാതെ പരമാവധി ശിക്ഷ പെട്ടെന്ന് തന്നെ നടപ്പിലാക്കാൻ രാജ്യത്തെ നിയമകൂടത്തിന് കഴിയണം. ഇവരുടെ പുറകിലുള്ള സകലവരേയും, മറ്റുബന്ധങ്ങെയും അന്വേഷിക്കണം.
തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.
Story Highlights: Udaipur murder; Rahul Mamkootathil’s facebook post against Islamist extremists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here