എകെജി സെന്‍ററിൽ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് സൂചന ലഭിച്ചു; എഡിജിപി വിജയ് സാഖറെ

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ അക്രമിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യം പിന്നീട് ആലോചിക്കും. പൊലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും പ്രതി അധികം വൈകാതെ തന്നെ കസ്റ്റഡിയിലാവുമെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് സൂചിപ്പിച്ചെങ്കിലും മറ്റ് വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ( Attack on AKG Center; Received a tip about the defendant; ADGP Vijay Sakhare )
പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണിതെന്ന ആരോപണവുമായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് അധികം കഴിയും മുമ്പ് തന്നെ ഇതിന് പിന്നിൽ കോൺഗ്രസാണെന്ന് എല്‍ഡിഎഫ് കൺവീനർ പറഞ്ഞു. പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണിത്. അക്രമം തടയാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന പാർട്ടിക്കാണ്. സ്വർണകടത്ത് അഴിമതി മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്നും ഇക്കാര്യത്തിൽ എല്‍ഡിഎഫ് നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also: മുഖ്യമന്ത്രി എകെജി സെന്ററിലെത്തി
എകെജി സെന്‍ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
Story Highlights: Attack on AKG Center; Received a tip about the defendant; ADGP Vijay Sakhare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here