തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം

തെക്കൻ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദർ ഖാമിർ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുമുണ്ടായി. ബന്ദറെ ഖാമിറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം.
യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എൻസിഎം) ഉദ്ദരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു. യുഎഇയിൽ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എൻസിഎം വ്യക്തമാക്കി. സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായതായി അനുഭവസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
Story Highlights: Earthquake in southern Iran; Vibration in the Gulf countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here