Advertisement

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം; പി.സി.ജോര്‍ജിന്റെ ജാമ്യ ഉപാധി പുറത്ത്

July 2, 2022
2 minutes Read
P.C.George bail provision out

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നും മൂന്നു മാസം ഇത് തുടരണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി എപ്പോള്‍ വിളിച്ചാലും ഹാജരാകണം. 25000 രൂപ ബോണ്ടിന്മേലുമാണ് പി.സി.ജോര്‍ജിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് ( P.C.George bail provision out ).

പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച വ്യക്തിയാണ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പി.സി.ജോര്‍ജിനെതിരെ കുറെ മാസങ്ങളായി നിരന്തരമായി കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. അതില്‍ സര്‍ക്കാരിനെ തന്നെ പ്രതിഭാഗം കുറ്റപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ പി.സി.ജോര്‍ജിന്റെ ആരോഗ്യ സ്ഥിതിയും കോടതിയില്‍ പ്രതിഭാഗം ഉയര്‍ത്തിക്കാട്ടി. ഇതെല്ലാം മുന്‍നിര്‍ത്തായാണ് ജാമ്യമെന്നാണ് സൂചന.

സോളാര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം പൊലീസാണ് മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി ആരോപിച്ചു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും താന്‍ നിരപരാധിയെന്ന് തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Story Highlights: P.C.George bail provision out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top