എകെജി സെന്റര്‍ ആക്രമണം: പ്രതികളെ പിടിക്കാത്തതില്‍ ഗുരുതര വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം ഡിസിസി ഓഫിസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം പൊലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിത് ( serious mistake to police ).
ഡിസിസി ഓഫിസിനു പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിനു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോള്‍ പൊലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഐഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.
കോണ്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സിപിഐഎമ്മും പൊലീസും ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Story Highlights: AKG Center attack: Oommen Chandy said it was a serious mistake not to arrest the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here