സജി ചെറിയാന്റെ വിവാദ പ്രസ്താവന; ഇടപെട്ട് ഗവർണർ

സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസ്താവന ഗൗരവപൂർവം നിരീക്ഷിക്കുകയാണെന്ന് രാജ്ഭവൻ അറിയിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരോട് ഗവർണർ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ( governor intervene saji cherian controversy )
മല്ലപ്പള്ളിയിലെ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രിയും വിശദീകരണം ആവശ്യപ്പെട്ടു. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.
ജനങ്ങളെ കൊളളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.
‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തിൽ മന്ത്രി രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുൾപ്പെടെ സജി ചെറിയാന്റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാൽ പരാമർശങ്ങൾ വിവാദമായതോടെ ഈ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.
Story Highlights: governor intervene saji cherian controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here