ബിജെപിക്ക് ഇതിലും നല്ല ഒക്കച്ചെങ്ങായിമാരെ വേറെ കിട്ടാനില്ല; സജി ചെറിയാൻ രാജി വെക്കുക, മുഖ്യമന്ത്രി രാജി വെപ്പിക്കുക: ടി സിദ്ദിഖ്

ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണത്രെ സജി ചെറിയാനു ഇന്ത്യൻ ഭരണഘടനയെന്ന് ടി സിദ്ദിഖ് എംഎൽഎ. കമ്മ്യൂണിസ്റ്റ് ഭ്രാന്ത് കാരണം ഭരണഘടനയ്ക്ക് കീഴിൽ മന്ത്രിയായിരിക്കുന്ന സജി ചെറിയാൻ ഭരണഘടനയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒറ്റ് കൊടുത്തവരാണു കമ്മ്യൂണിസ്റ്റുകാർ. 1947 ആഗസ്ത് 15 നു ഇന്ത്യ സ്വതന്ത്രമായ ശേഷം സ്വന്തം പാർട്ടി ഓഫീസിൽ പതാക ഉയർത്തിയത് 2021 ആഗസ്ത് 15 നാണു. അത് വരെ ആ കൊടിയെ പോലും തള്ളിപ്പറഞ്ഞവരാണു. ഇന്ത്യയെയോ ഇന്ത്യൻ ഭരണഘടനയെയോ അംഗീകരിക്കാനും ബഹുമാനിക്കാനും ഒരു കാലത്തും സിപിഎം തയ്യാറായിരുന്നില്ല. ഇതൊന്നും അറിയാതെ പറഞ്ഞ് പോകുന്നതുമല്ല. പാർട്ടി ക്ലാസിൽ പഠിപ്പിക്കുന്നതും ഇതൊക്കെ തന്നെയാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു.
മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സജി ചെറിയാന്റെ രാജി ചോദിച്ച് വാങ്ങുക, അതിനു മുഖ്യമന്ത്രി തയ്യാറല്ലെങ്കിൽ ഭരണഘടന സംരക്ഷിക്കേണ്ട ബാധ്യതയുള്ള ഗവർണറെ കണ്ട് സജി ചെറിയാനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടും. സിപിഎം ഇതിനു മറുപടി പറഞ്ഞേ തീരൂ, വരാൻ പോകുന്നത് ഭരണഘടനയെ സംരക്ഷിക്കാനുള്ള ശക്തമായ പ്രക്ഷോഭം. ഭരണഘടനയെ നിരന്തരം തള്ളിപ്പറയുന്ന, ഭരണഘടനയെ തന്നെ മാറ്റാൻ ശ്രമിക്കുന്ന ബിജെപിക്ക് ഇതിലും നല്ല ഒക്കച്ചെങ്ങായിമാരെ വേറെ കിട്ടാനില്ല. മറ്റ് കാര്യങ്ങളിലെന്ന പോലെ ഭരണഘടനയെ തകർക്കുന്നതിലും സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: രാജി വയ്ക്കുകയല്ലാതെ സജി ചെറിയാന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല: പി കെ കുഞ്ഞാലിക്കുട്ടി
ബിജെപിക്ക് ഭരണഘടനയിലെ മതേതരത്വവും ബഹുസ്വരതയും തടസമാകുമ്പോൾ ജനാധിപത്യവും സ്വാതന്ത്ര്യവും സിപിഎമ്മിനേയും വിറളി പിടിപ്പിക്കുന്നു എന്ന് വേണം കരുതാൻ. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനു ഭരണഘടന തടസ്സം നിൽക്കുന്നു എന്നതാണു അവരെ ചൊടിപ്പിക്കുന്നത്. ചൈനയും, ഉത്തര കൊറിയയുമാക്കാനുള്ള നീക്കം ഭരണഘടന തകർക്കുന്നുണ്ടല്ലോ. സജി ചെറിയാൻ രാജി വെക്കുക, മുഖ്യമന്ത്രി രാജി വെപ്പിക്കുക. ഭരണഘടനയെ സംരക്ഷിക്കുകയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: T Siddique MLA Facebook post against Saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here