Advertisement

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് വീണു; പടിയിറങ്ങുന്നത് പാർട്ടിയിലെ കരുത്തനായ നേതാവ്

July 6, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്. വിവാദമായ ഭരണഘടന പരാമർശത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രിയായ സജി ചെറിയാൻ സ്ഥാനമൊഴിഞ്ഞത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം

സ്വപ്നയുടെ ആരോപണങ്ങളിലൂടെ സ്വർണക്കടത്ത് വിവാദം ചൂടുപിടിച്ചതിന് പിന്നാലെ എസ്എഫ്ഐ രാഹുൽ ​ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എകെജി സെന്ററിന് നേരെയുള്ള ആക്രമണവും പിസി ജോർജിന്റെ അറസ്റ്റുമുണ്ടാക്കിയ ചൂട് മടങ്ങും മുമ്പാണ് ഏറെ വിവാദമായ പരാമർശം സജി ചെറിയാൻ നടത്തിയത്.

എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഐഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയിൽ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. കോടതിയിലേക്ക് കാര്യങ്ങളെത്തും വരെ കാത്തിരിക്കാം എന്ന നിലയിൽ അഭിപ്രായങ്ങൾ ആദ്യം ഉയര്‍ന്നു . രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവിൽ വാര്‍ത്തകൾ വന്നത്. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയാണ് സജി ചെറിയാനുണ്ടായിരുന്നത്.

Read Also: ‘മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല’; സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനമെന്ന് സജി ചെറിയാന്‍

അതേസമയം ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സജി ചെറിയാന് പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കിയേക്കുമെന്നാണ് വിവരം. സാംസ്‌കാരികം, ഫിഷറീസ് അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് സജി ചെറിയാനുണ്ടായിരുന്നത്. ഈ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കും.

Story Highlights: Saji Cheriyan First resigned minister in second Pinarayi Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement