Advertisement

ക്രിമിനൽ കുറ്റമാണ് മന്ത്രി ചെയ്തത്, തെറ്റുചെയ്യുന്നവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; വി ഡി സതീശൻ

July 6, 2022
Google News 2 minutes Read

മന്ത്രി സജി ചെറിയാന്‍ ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ വിഷയത്തിൽ സിപിഐഎം അഭിപ്രായം തുറന്ന് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനൽ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിക്ക് നിയമത്തിന് മുന്നിൽ പ്രിവിലേജ് ഇല്ല. രാജി വച്ചില്ലെങ്കിൽ സിപിഐഎമ്മിന് ആർഎസ്എസ് പ്രത്യയ ശാസ്ത്രമാണ് എന്ന് തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ പരാതി കൊടുത്തിരുന്നു, എന്നാൽ കേസ് എടുക്കാൻ പൊലീസ് തയാറല്ല. കേസിന് തയ്യാറല്ലെങ്കിൽ കോൺഗ്രസ് നിയമവഴികൾ തേടും. സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് അറിയാൻ താല്പര്യം ഉണ്ട്. തെറ്റുചെയ്യുന്നവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. രാജിവെക്കാതെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ല. ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും സിപിഎമ്മിലെ ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെപിസിസി തയ്യാറാണ് എന്നും കെ സുധാകരന്‍ പ്രതികരിച്ചു.

‘ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം.ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണെന്ന സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ല. ‘ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും …….’ എന്ന് പറഞ്ഞ് ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും അതിനെ അനുകൂലിക്കുന്ന സിപിഎമ്മിലെ സകല ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെപിസിസി തയ്യാറാണ്.

Read Also: സജി ചെറിയാനെ മുഖ്യ ഘടകകക്ഷിയും കൈവിട്ടു; പ്രസംഗം ഗുരുതരമെന്ന് സിപിഐ

ഇതിനിടെ ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ശേഷം സജി ചെറിയാന്‍ പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേര്‍ന്നു. വിവാദത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. മുഖ്യമന്ത്രിയും മൗനം പാലിച്ചു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ നാളെ രാഷ്ട്രീയ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Story Highlights: V D Satheesan Against Saji Cheriyan and CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here